പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടും അവബോധമില്ലാത്ത സമൂഹമാണ് നമ്മുടേത് എന്ന് പറയാം. നമ്മുടേത് എന്നാല്‍ നമ്മള്‍ മലയാളികളുടേത്. അതായത് വീട്ടില്‍ ഒരാള്‍ ജോലി ചെയ്ത് പണമുണ്ടാക്കുന്നു മറ്റെയാള്‍ വീട്ടുജോലികള്‍ ചെയ്യുന്നു, അപ്പോഴും പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം സംതൃപ്തരല്ലാതാകുന്നു- ഇങ്ങനെയൊക്കെയാണ് നമ്മുടെയൊരു മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ഘടന. 

എന്നാല്‍ രണ്ട് പേരും ജോലി ചെയ്ത് സ്വന്തം കാര്യങ്ങള്‍ക്ക് പണമുണ്ടാക്കണമെന്ന ചിന്തയെല്ലാം പുതിയ തലമുറകള്‍ക്കുണ്ട്. എങ്കിലും പണമിടപാടുകളുടെ കാര്യത്തില്‍ നമുക്ക് ഇപ്പോഴും വേണ്ടത്ര കരുതല്‍ ഉണ്ടെന്ന് കരുതാന്‍ വയ്യ. പ്രത്യേകിച്ച് കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കാര്യത്തില്‍.

പ്രണയത്തിലുള്ളവരാണെങ്കില്‍ സാമ്പത്തികപ്രശ്‌നം വന്നാല്‍ ജോലിയുള്ള പങ്കാളിയെ ആശ്രയിക്കാമെന്ന് കരുതുന്നവരുണ്ട്, പങ്കാളിയുടെ ആഭരണങ്ങള്‍ ഊരിവാങ്ങുന്നവരുണ്ട്... അങ്ങനെയെല്ലാം സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിയെ ഉള്‍പ്പെടുത്തുന്നത് ഏതെങ്കിലും തരത്തില്‍ ആ ബന്ധത്തെ ബാധിക്കുമോ?

ബാധിക്കുമെന്നാണ് സാമ്പത്തികവിദഗ്ധയും മാധ്യമപ്രവര്‍ത്തകയുമൊക്കെയായ ക്രിസ്റ്റിന്‍ വോംഗ് പറയുന്നത്. കഴിയുന്നതും കാമുകീ-കാമുകന്മാര്‍ തമ്മില്‍ കടം കൊടുക്കലോ വാങ്ങലോ നടത്തരുതെന്നാണ് ഇവര്‍ പറയുന്നത്. പരസ്പരധാരണയുള്ള പങ്കാളികളാണെങ്കില്‍ അവര്‍ അതിന് മുതിരില്ലെന്നും ക്രിസ്റ്റിന്‍ പറയുന്നു. 

അതുപോലെ തന്നെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പണമിടപാടും. അറുത്തുമുറിച്ച് പറ്റില്ലെന്ന് പറയുക സാധ്യമല്ലാത്തിടത്ത്, പണം തിരികെ നല്‍കാന്‍ കൃത്യമായ ഡെഡ് ലൈന്‍ മുന്നോട്ടുവയ്ക്കാം. ഇതൊരു മാര്‍ഗമാണെന്ന് ക്രിസ്റ്റിന്‍ പറയുന്നു. സാമ്പത്തിക കാര്യങ്ങളിലെ കണിശത പരസ്പരം വെട്ടിത്തുറന്ന് പ്രകടിപ്പിക്കുന്നത് തന്നെയാണ് ബന്ധത്തിന്റെ ഭംഗിയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

സാമ്പത്തികവിഷയങ്ങള്‍ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദമാക്കുന്ന 'ഗെറ്റ് മണി ലിവ് ദ ലൈഫ് യൂ വാണ്ട്, നോട്ട് ജസ്റ്റ് ദ ലൈഫ് യൂ കാന്‍ അഫോര്‍ഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ക്രിസ്റ്റിന്‍.