Asianet News MalayalamAsianet News Malayalam

'ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡറുടെ സ്റ്റുഡന്റ് ആയിരുന്നു'

fb post on a transgender teacher
Author
First Published May 16, 2017, 5:27 PM IST

കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ അത് നമ്മളില്‍ പലര്‍ക്കും ഒരു വാര്‍ത്ത മാത്രമാണ്. എന്നാല്‍ ഭിന്നലിംഗക്കാരായ ഒരുപിടി ആളുകള്‍ക്ക് ജോലി ലഭിക്കുന്നു എന്നതുകൊണ്ടാണ് കൊച്ചി മെട്രോയ്‌ക്ക് തിളക്കമേറുക. സമൂഹം അവജ്ഞയോടെ തിരസ്‌ക്കരിച്ച ഒരു കൂട്ടര്‍. ഒമ്പതെന്നും ചാന്തുപൊട്ടെന്നും ഹിജഡകളെന്നും വിളിച്ചു മാറ്റിനിര്‍ത്തപ്പെട്ടവര്‍. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി ലഭിച്ചുവെന്ന വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍, പലരും അവരെയും ജോലി നല്‍കിയ സര്‍ക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിട്ടു. എന്നാല്‍ അതിനുമപ്പുറം, തന്നെ പഠിപ്പിച്ച ഭിന്നലിംഗക്കാരനായ അധ്യാപകനെ ഓര്‍ത്തെടുത്തുകൊണ്ട് അസി അസീബ് എന്ന ചെറുപ്പക്കാരന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. തന്നിലെ സ്‌ത്രൈണത ഒളിപ്പിച്ചുകൊണ്ട് കോളേജില്‍ ക്ലാസ് എടുത്ത ആ അധ്യാപകന്‍ കാലാന്തരത്തില്‍, അവളായി മാറിയതിനെക്കുറിച്ചാണ് അസീബിന്റെ കുറിപ്പ്...

അസീബിന്റെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് വായിക്കാം...

കോളേജില്‍ പഠിക്കുമ്പോ ഒപ്ടിമൈസേഷന്‍ എന്ന പേപ്പര്‍ എടുത്തിരുന്ന ഒരദ്ധ്യാപകനുണ്ട്. ഉമേഷ്. കൃത്യസമയത്ത് ക്ലാസില്‍ വരും, ലളിതമായി വ്യക്തതയോടെ ക്ലാസെടുക്കും, ഭംഗിയുള്ള കയ്യക്ഷരത്തില്‍ കാല്‍കുലേഷന്‍സ് ബോര്‍ഡില്‍ എഴുതും, സൗമ്യമായി എല്ലാവരോടും ഇടപെടും, എങ്ങനെ ഞങ്ങള്‍ പ്രതികരിച്ചാലും പരിഭവങ്ങളില്ലാതെ പുഞ്ചിരിച്ച് ക്ലാസ് വിട്ടിറങ്ങും.
പക്ഷേ, മേല്‍പറഞ്ഞ ഗുണങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് കണാനും ശ്രദ്ധിക്കാനും പരിഹസിച്ച് ചിരിക്കാനും ചിലത് അയാള്‍ നീക്കിവക്കുമായിരുന്നു. ആണുടലിലും ആണ്‍ വേഷങ്ങളിലും ഒളിപ്പിച്ച് പെണ്ണിനെപ്പോലെ, അതിഭയങ്കരമായ സ്‌ത്രൈണത അയാള്‍ക്കുണ്ടായിരുന്നു, എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അത് പുറത്ത് വന്നിരുന്നു.

ഞങ്ങള്‍ കൂട്ടുകാരുടെ സ്വകാര്യതയില്‍ പലപ്പോഴും അങ്ങേരെ ഒമ്പതെന്നും, ചാന്തുപൊട്ടെന്നും വിളിച്ച് പരിഹസിച്ച് ചിരിച്ചിട്ടുണ്ട്, ഭീകരമായി അനുകരിച്ചിട്ടുണ്ട്, കൂട്ടുകാരികളോട് 'പുള്ളിയെ നിനക്കാലോചിക്കട്ടെ' എന്ന് ചോദിച്ചിട്ടുണ്ട്, അവരതിനെ അവജ്ഞയോടെ തള്ളിയിട്ടുണ്ട്, ഒരിക്കലും അങ്ങേര്‍ തികഞ്ഞ ആണല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.

പിന്നീടെപ്പഴോ, പുള്ളി കോളേജ് വിട്ടു. ഒരിക്കല്‍ പോലും കോളേജ് റെക്കോര്‍ഡ്‌സിലോ, ബയോ ഡേറ്റയിലോ, സ്വയം തന്നെയോ താനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അടയാളപ്പെടുത്താനുള്ള ധൈര്യം അന്ന് പുള്ളിക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍തന്നെ, അധികൃതരോ, ഞാനടക്കമുള്ള വിദ്യാര്‍ത്ഥികളോ അംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.

കുറച്ച് നാള്‍ മുന്‍പേ ഞാന്‍ പുള്ളിയെ ടിവിയില്‍ കണ്ടു. ഉമേഷ് എന്ന പേരില്ല, നരച്ച ആണ്‍ വേഷമില്ല. കടും നിറങ്ങളില്‍ എല്ലാം തികഞ്ഞ പെണ്ണിനെപ്പോലെ, സുന്ദരിയായി, അനു എന്ന പേരു സ്വീകരിച്ച്, ക്ലാസെടുക്കുമ്പോഴൊന്നും ഇല്ലാതിരുന്ന കോണ്‍ഫിഡന്‍സോടെ അവര്‍ സംസാരിക്കുന്നു. ഉറപ്പിനായി അന്വേഷിച്ചപ്പോഴാണ്, തികഞ്ഞ ആണല്ലെന്ന ഞങ്ങളുടെ പരിഹാസത്തിന്റെ മുഖത്തടിച്ച് താനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന പ്രഖ്യാപനം അവര്‍ നടത്തിയിരിക്കുന്നു എന്നറിഞ്ഞത്.

ഞെട്ടലിനപ്പുറം, ചില അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ഉള്ളിലുണ്ടായത്. എത്രനാള്‍ അവള്‍ കാത്തിരുന്നുകാണും..?

ആണിനും പെണ്ണിനും മാത്രം കോളമുള്ള ആപ്ലിക്കേഷന്‍ ഫോമുകളില്‍ ആണെന്നടയാളപ്പെടുത്തുമ്പോള്‍ അവളുടെ വിരലുകള്‍ എത്രനാള്‍ വിറച്ചുകാണും..?

ആണിനേയും പെണ്ണിനേയും തിരിച്ചിരുത്തുന്ന ക്ലാസ്മുറികളില്‍ അവളെത്രമാത്രം ആണ്‍ വശങ്ങളില്‍ നിന്ന് അപ്പുറത്തേക്ക് കണ്ണെറിഞ്ഞുകാണും.?

എനിക്ക് നിര്‍വ്വചിക്കാന്‍ അറിയാത്ത ഏതൊക്കെ പ്രണയങ്ങള്‍ അവള്‍ ആഗ്രഹിച്ചുകാണും.? തികഞ്ഞ ആണിനേയും പെണ്ണിനേയും മാത്രം കാണുന്ന കണ്ണുകളില്‍ നിന്നവള്‍ എത്രയോടിയൊളിച്ചുകാണും..? മനസിനും ശരീരത്തിനും ആണളവിട്ട് തയ്പ്പിച്ചവ അഴിച്ച് വച്ചവള്‍ എത്രനാള്‍ നഗ്‌നമായി കണ്ണാടിക്കുമുന്‍പില്‍ നിന്ന് നെടുവീര്‍പ്പിട്ടുകാണും..?

പാകമായ മനസും ശരീരവും തുറന്ന് കാണിക്കുന്ന ദിനങ്ങളെ പ്രതീക്ഷിച്ചെത്രനാള്‍ അവള്‍ കാത്തിരുന്നുകാണും..? ഇപ്പോ കൊച്ചി മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഗവണ്‍മന്റ് ജോലി നല്‍കിയിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും കേള്‍ക്കുമ്പോഴുള്ള ആശ്ചര്യത്തിനും ഫേസ്ബുക്കില്‍ അഭിവാദ്യമര്‍പ്പിച്ചിടുന്ന പോസ്റ്റുകളുടെ എണ്ണത്തിനുമപ്പുറം എന്നെ സന്തോഷിപ്പിക്കുന്നത്, താനെന്തെന്ന് വെളിപ്പെടുത്തിയാല്‍ ജോലിയും ജീവിതവും വഴിമുട്ടുമെന്ന് ഭയന്ന്, തന്റെ ഐഡന്റിറ്റി മറച്ച് വച്ച്, എനിക്കും എന്റെ സഹപാഠികള്‍ക്കും ക്ലാസെടുത്ത അദ്ധ്യാപകനെ, പിന്നീട് സ്വാതന്ത്യപ്രഖ്യാപനം നടത്തിയ ട്രാന്‍സ്‌ജെന്‍ഡറായ 'അവളെ' അറിയാവുന്നതുകൊണ്ട് കൂടിയാണ്.

അധികം പിറകിലല്ലാത്ത ഒരു ന്യു ഇയര്‍ രാത്രി, ഇതേ സഹപാഠികള്‍ക്കൊപ്പം ഫോര്‍ട്ടുകൊച്ചിയില്‍ കൂടുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ട് ഓടിമാറിയതില്‍ നിന്ന്, അവരെ ഒമ്പതെന്നും, ചന്തുപൊട്ടെന്നും ഹിജഡകളെന്നും വിളിച്ചിരുന്നതില്‍ നിന്ന്, കണ്ടുചിരിക്കാന്‍, പരിഹസിക്കാന്‍ ദൈവമുണ്ടാക്കിയ ജീവികളാണവരെന്ന വിശ്വാസത്തില്‍ നിന്ന്, ലൈംഗികചുവയും അക്രമവും നിറം ചാര്‍ത്തി കേട്ടിരുന്ന കൂട്ടുകാരുടെ കഥകളില്‍ നിന്ന്, അവരെ ഞാന്‍ മാറ്റി ആണിനും പെണ്ണിനുമൊപ്പം അവര്‍ക്ക് ഇടത്തായൊ വലത്തായോ ഇടയിലായോ ഒരേ വരിയില്‍, ഒരേ നിരയില്‍ നിര്‍ത്താന്‍ ഞാന്‍, എന്നെ പിന്നീടെപ്പഴോ തിരുത്തിയിരിന്നു.

എന്നെയും നിന്നെയും ഭയന്ന് അവനിലൊളിച്ച അവളും അവളിലൊളിച്ച അവനും ഈ ലോകത്തോട് അവരെന്താണെന്ന് വിളിച്ചുപറയട്ടെ.
ഓരോ നിമിഷവും പാകപ്പെടുന്ന, മനുഷ്യരാവുന്ന നമ്മള്‍ അവരെ അധികം വൈകാതെ ചേര്‍ത്ത് നിര്‍ത്തട്ടെ. ഏറെ അഭിമാനത്തോടെ ഞാന്‍ പറയട്ടെ, രാഷ്ട്രീയ പ്രഖ്യാപനം നടത്തട്ടെ,

'എന്നെ എറ്റവും നന്നായി പഠിപ്പിച്ച അദ്ധ്യാപകരില്‍ ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നു, അല്ലെങ്കില്‍ ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ സ്റ്റുഡന്റ് ആയിരുന്നു. അറിവും ആശയവും വിത്തില്‍ നിന്ന് നാമ്പിട്ട് ഓരോ ദിനവും വളരുന്ന ഒന്നായതുകൊണ്ട് തന്നെ, ഞാന്‍ എപ്പോഴും അതേ ട്രാന്‍സ്‌ജെന്‍ഡറിന്റെ സ്റ്റുഡന്റ് ആയിരിക്കുകയും ചെയ്യും.'

ഈ കൊച്ചു കേരളത്തെ അതിന്റെ എല്ലാ കുറവുകളോടെയും പ്രണയിച്ചുകൊണ്ട്, ഞാന്‍ ആദ്യമായി സംസാരിച്ച, സ്പര്‍ശിച്ച, ചേര്‍ന്ന് നിന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ ഓര്‍ത്തുകൊണ്ട്.

Follow Us:
Download App:
  • android
  • ios