ഡോക്‌ടറെ കാണുന്നതിനുള്ള ഫീസ് കുറഞ്ഞതിന്റെ പേരില്‍ അപമാനിതയാകേണ്ടിവന്ന യുവതിയുടെ ഭര്‍ത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. അടൂരിലെ പ്രമുഖ അസ്ഥിരോഗവിദഗ്ധനായ ഡോക്‌ടര്‍ക്കെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ ആരോപണവുമായി രംഗത്തെത്തിയത്. ഡോക്‌ടര്‍ക്കുള്ള ഫീസില്‍ 50 രൂപ കുറഞ്ഞതിന്റെ പേരില്‍ അസഭ്യവര്‍ഷം ചൊരിയുകയും യുവതിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിടുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡോക്‌ടറുടെ പെരുമാറ്റത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. ഏതായാലും കണക്കുപറഞ്ഞ് ഫീസ് വാങ്ങി ചികില്‍സയുടെ പേരില്‍ കൊള്ള നടത്താനാണ് ആ ഡോക്‌ടര്‍ ശ്രമിച്ചതെങ്കില്‍ ശക്തമായ നടപടികളുണ്ടാകേണ്ടതാണ്. ഇക്കാര്യത്തില്‍ ഇനി മറുപടി പറയേണ്ടത് ഡോക്‌ടറാണ്. ഏതായാലും യുവതിയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു...

ബിരുദ ധാരണ സമയത്തു അവർ ( ഇന്ത്യൻ ഡോക്ടർന്മാർ ) ചൊല്ലുന്ന സത്യ പ്രതിജ്ഞയാണ് ചുവടെ. പക്ഷെ നിർഭാഗ്യവശാൽ ഡോ: ജീവ് ജസ്റ്റ്സ് (Orthopedic Surgeon,Adoor).. ഔദ്യോദിക തിരക്കുകൾക്കിടയിൽ അത് മറന്നു പോയി. ഈ കഴിഞ്ഞ ദിവസം എന്റെ ഭാര്യ രണ്ടു വയസുകാരി മകളോടൊപ്പം ഇദ്ദേഹത്തെ കാണുവാൻ പോയിരുന്നു പക്ഷെ 50 രൂപ ഫീസ് കുറഞ്ഞതിന്റെ പേരിൽ മോശമായ ഭാഷയിൽ ആ പാവം സ്ത്രീയെ അവഹേളിച്ചും, അധിക്ഷേപിച്ചും, മാനസികമായി പീഡിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. തിരക്കിനിടയിൽ പഴ്സ് എടുക്കുവാൻ അവർ മറന്നു പോയിരുന്നു. ഉടനെ പൈസ എടുത്തു കൊണ്ട് വരാം എന്ന അവളുടെ ദയനീയ അപേക്ഷ, നാറ്റം വമിക്കുന്ന അയാളുടെ ശബ്ദ ധാരണിക്കിടയിൽ മുങ്ങിപ്പോയിരുന്നു. ഡോ ജീവിന് എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുവാനും മാനുഷ്യാവകാശ കമ്മീഷന് പരാതി നൽകുവാനും ഞങ്ങൾ ആലോചിക്കുകയാണ്. ഡോക്ടർന്മാർക്കു ജോലി ചെയ്യാം പണം സമ്പാദിക്കാം കോട്ടകൊത്തളങ്ങൾ കെട്ടിപ്പടുക്കാം, പക്ഷെ അത് തേടി വരുന്ന രോഗികളുടെ ആത്മാഭിമാനത്തെ ചവിട്ടി തേച്ചു അതിനു മുകളിൽ നിന്ന് കൊണ്ട് ആകരുത്. ഡോ. ജീവ് നിങ്ങളെയോർത്തു പൊതുസമൂഹം ലജ്ജിക്കുന്നു... നിങ്ങൾ ഒരു വ്യാപാരിയെപ്പോലെയല്ല മൂല്യ ബോധമുള്ള ഒരു ആതുര സേവകനായി ആണ് പെരുമാറേണ്ടത്...

ശ്രീജിത്ത് കുളനട