ജലദോഷം പലപ്പോഴും അസഹ്യവും അലോസരപ്പെടുത്തുന്നതുമാകാറുണ്ട്. കാലാവസ്ഥാ മാറ്റമോ പനിയോ ജലദോഷത്തിന് കാരണമാകാം. മറ്റ് കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മൽ, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകൾ, നേരിയ തലവേദന ഉൾപ്പെടെയുള്ളവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനെ മറികടക്കാൻ ഉയർന്ന അളവിലുള്ള ആൻറിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ് പലരും.
എന്നാൽ ജലദോഷത്തെ നിയന്ത്രിക്കാൻ സ്വാഭാവികമായ വഴികളുണ്ട്. അഞ്ച് ഭക്ഷണ പദാർഥങ്ങൾ ഇതിന് നിങ്ങളെ സഹായിക്കും.
1. ഗ്രീൻ ടീ

ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ ഫ്ലവനോയിഡ് ധാരാളമായി ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച രോഗപ്രതിരോധ ശേഷിക്കും അതുവഴി മികച്ച ശാരീരിക അവസ്ഥക്കും സഹായകം. ജലദോഷത്തിന് കാര്യമായ മാറ്റമുണ്ടാക്കാൻ ഗ്രീൻ ടീക്ക് സാധിക്കും.
2. വിറ്റാമിൻ സി

വിറ്റാമിൻ സി കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷിയെ ഉയർത്തും. പപ്പായ, ഒാറഞ്ച്, സ്ട്രോബറി, മത്തങ്ങ തുടങ്ങിയവ വിറ്റാമിൻ സിയുടെ സാന്നിധ്യം കൂടുതലുള്ളവയാണ്.
3. തേൻ

ബാക്ടീരിയയെ തടയാൻ കഴിവുള്ള തേൻ ഒട്ടേറെ രോഗങ്ങൾക്ക് പ്രതിരോധവും തീർക്കുന്നു. തിളപ്പിച്ചാറിയ പാലിലോ ഇളം ചൂടുള്ള വെള്ളത്തിലോ തേൻ ചേർത്തു കഴിക്കുന്നത് ജലദോഷത്തിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും.
4. ബ്ലൂബെറി പഴങ്ങൾ

ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ ധാരാളമായുള്ള ബ്ലൂബെറി പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ഉയർത്തും. പ്രഭാത ഭക്ഷണത്തിനൊപ്പമോ തനിച്ചോ ഇവ കഴിക്കാം.
5. വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയിലും സവാളയിലുമുള്ള ആൻറിബാക്ടീരിയൽ ഘടകങ്ങൾ പനിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. ആരോഗ്യദായകമായ സൂപ്പ് രീതിയിൽ ഇവ കഴിക്കാം.
