ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയുടെ അളവിലാണ് വണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത്. ഇതിന് അനുസരിച്ചുള്ള ഒരു ഡയറ്റായിരിക്കണം തയ്യാറേക്കണ്ടത്

അമിതവണ്ണം കുറയ്ക്കാന്‍ പ്രത്യേക ഡയറ്റ് പിന്തുടരുന്നവര്‍ക്ക് നല്‍കാന്‍ ഒരു കെട്ട് ഉപദേശങ്ങള്‍ കാണും എല്ലാവരുടെയും പക്കല്‍. അത് കഴിക്കരുത്, ഇത് കഴിക്കരുത്, നിയന്ത്രണം വേണം... അങ്ങനെ നൂറുകൂട്ടം നിര്‍ദേശങ്ങളായിരിക്കും. ഇതിനിടയില്‍ കൃത്യമായ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ വലിയ 'ടാസ്‌ക്' ആയിരിക്കും. 

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയുടെ അളവിലാണ് വണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത്. ഇതിന് അനുസരിച്ചുള്ള ഒരു ഡയറ്റായിരിക്കണം തയ്യാറേക്കണ്ടത്. ഇനി ഈ ഡയറ്റിനൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാനസികമായും ശാരീരികമായും പുലര്‍ത്തേണ്ട ജാഗ്രതയുമായി ബന്ധപ്പെട്ടതാണ് ഇക്കാര്യങ്ങള്‍. അവയേതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും വലിയ പാത്രത്തില്‍ വിളമ്പാതിരിക്കുക. വലിയ പാത്രത്തില്‍ ഭക്ഷണമെടുക്കുമ്പോള്‍ നമ്മളറിയാതെ തന്നെ കൂടുതല്‍ വിളമ്പിപ്പോകും. കഴിക്കുന്നതിന്റെ അളവറിയാതെ അമിതമായി കഴിക്കാന്‍ ഇത് കാരണമാകും. അതിനാല്‍ എപ്പോഴും ഇടത്തരം പാത്രത്തില്‍ ഭക്ഷണം എടുക്കുക. 

രണ്ട്...

ഡയറ്റിലായിരിക്കുമ്പോഴും പല തരത്തിലുള്ള ഭക്ഷണം നമ്മളെ കൊതിപ്പിച്ചേക്കാം. പ്രത്യേകിച്ച് ജങ്ക് ഫുഡ് ആണ് ഇത്തരത്തില്‍ പ്രകോപനമുണ്ടാക്കുക. ഒരുപാട് കൊതി തോന്നുമ്പോള്‍ എന്നാല്‍ അല്‍പം കഴിക്കാമെന്ന തീരുമാനത്തിലെത്തും. ഇത് ക്രമേണ ഡയറ്റിന്റെ ചിട്ടയായ സ്വഭാവത്തെ തന്നെ അട്ടിമറിക്കും. അതിനാല്‍ കഴിവതും ഈ രീതിയിലുള്ള ഭക്ഷണങ്ങളില്‍ നിന്ന് അകലം പാലിക്കുക. അത്തരം റസ്റ്റോറന്റുകളില്‍ പോകാതിരിക്കുകയോ, വീട്ടില്‍ മറ്റുള്ളവര്‍ കഴിക്കുമ്പോള്‍ മാറിയിരിക്കുകയോ ചെയ്യാം. 

മൂന്ന്...

ശരീരത്തില്‍ എപ്പോഴും ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ അത്, ദഹനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. അങ്ങനെ വരുമ്പോള്‍ എത്ര ആരോഗ്യകരമായ ഡയറ്റ് സൂക്ഷിച്ചിട്ടും ഫലമുണ്ടാകില്ല. മാത്രമല്ല, ആ ഡയറ്റ് പോലും അനാരോഗ്യകരമായ മാറ്റങ്ങളിലേക്ക് വഴിവച്ചേക്കാം. നാരങ്ങവെള്ളമോ, ജീരകവെള്ളമോ, ഇഞ്ചിയിട്ട വെള്ളമോ ഒക്കെ ധാരാളം കുടിക്കാവുന്നതാണ്. 

നാല്...

പരമാവധി ഫ്രൂട്ട്‌സ് കഴിക്കുക. ജ്യൂസ് കഴിക്കുന്നതിന് പകരം പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പഴങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫൈബര്‍ ദഹനപ്രക്രിയയുടെ ആക്കം കൂട്ടുന്നു. ഇത് ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുകയും ചെയ്യുന്നു. 

അഞ്ച്...

അഞ്ചാമതായി ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഉപ്പിന്റെ അളവാണ്. അമിതമായി അകത്തുചെല്ലുന്ന സോഡിയം ശരീരത്തില്‍ നിന്ന് ധാരാളം വെള്ളം വലിച്ചെടുക്കും. ഇത് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. പ്രത്യേകിച്ച് വൈകീട്ട് ഏഴിന് ശേഷമാണ് ഇക്കാര്യം കൂടുതല്‍ കരുതേണ്ടത്.