വ്യായാമത്തിന് രണ്ട് മണിക്കൂര്‍ മുമ്പായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തിന് ഊര്‍ജ്ജം പകരുന്ന ഭക്ഷണം  തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വ്യായാമം ചെയ്യുന്നവരെ സംബന്ധിച്ച് നല്ലത്

ജിമ്മില്‍ പോയി നന്നായി വ്യായാമം ചെയ്യുന്നവരെല്ലാം ഓരോ ദിവസവും കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കണമെന്നാഗ്രഹിക്കുകയും എന്നാല്‍ ക്ഷീണം മൂലം തിരിച്ചുപോരുകയും ചെയ്യുന്നത് പതിവാണ്. വ്യായാമത്തിന് മുമ്പ് അവസാനമായി കഴിച്ച ഭക്ഷണമാണ് ഏറെക്കുറേ നമ്മളെ ഈ മാനസികാവസ്ഥയിലേക്കെത്തിക്കുന്നത്. 

എപ്പോഴും വ്യായാമം ചെയ്യുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കുറഞ്ഞത് 2 മണിക്കൂറിന്റെയെങ്കിലും വ്യത്യാസം വ്യായാമവും ഭക്ഷണവും തമ്മില്‍ വേണമെന്നര്‍ത്ഥം. അതും തോന്നിയ ഭക്ഷണം തോന്നിയത് പോലെ കഴിക്കുന്നതും വ്യായാമത്തെ മോശമായി ബാധിക്കും. ഏതൊക്കെ ഭക്ഷണമാണ് പ്രധാനമായും വ്യായാമത്തിന് മുമ്പായി കഴിക്കാനാവുക?

1. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പച്ചയ്ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജ്യൂസാക്കി കഴിക്കാവുന്നതാണ്. രക്തം വര്‍ധിപ്പിക്കാന്‍ മാത്രമല്ല രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. 

2. ഏത്തപ്പഴം

ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ശരീരത്തിന് നല്ല തോതില്‍ ഊര്‍ജ്ജം പകരും. വ്യായാമത്തിന് 45 മിനുറ്റ് മുമ്പായി ഇടത്തരം വലിപ്പത്തിലുള്ള ഒരു ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. 

3. മാതളം

വ്യായാമത്തിന് മുമ്പായി കഴിക്കാവുന്ന ഏറ്റവും നല്ല പഴമേതെന്ന് ചോദിച്ചാല്‍ സമശയമില്ലാതെ പറയാം അത് മാതളമാണ്. അത്രമാത്രം ധര്‍മ്മങ്ങളാണ് മാതളത്തിനുള്ളത്. ഊര്‍ജ്ജോത്പാദനം മാത്രമല്ല, വ്യായാമത്തിന് ശേഷമുള്ള നെഞ്ചെരിച്ചിലിനും ഇത് നല്ലതാണ്. 

4. നട്‌സ്

പ്രോട്ടീനിന്റെയും കൊഴുപ്പിന്റേയും കേന്ദ്രങ്ങളാണ് നട്‌സ്. ഇതും ശരീരത്തിന് ആവശ്യമായ സ്റ്റാമിന തന്നെയാണ് നല്‍കുക. കപ്പലണ്ടി, ബദാം, പിസ്ത തുടങ്ങിയവയോ അല്ലെങ്കില്‍ ഇവയില്‍ നിന്നുണ്ടാക്കുന്ന ഏതെങ്കിലും ബട്ടറോ വ്യായാമത്തിന് മുമ്പ് കഴിക്കാവുന്നതാണ്. 

5. യോഗര്‍ട്ട്

എളുപ്പത്തില്‍ ദഹിക്കുകയും അതേസമയം ശരീരത്തെ തണുപ്പിച്ച് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യും. അതിനാല്‍ തന്നെ വ്യായാമത്തിന്റെ മുമ്പായി ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുന്നതും നല്ലതാണ്. 

6. ഓട്മീല്‍

ഓട്‌സും ശരീരത്തിന് ഊര്‍ജ്ജം തന്നെയാണ് പകരുക. ഓട്മീലുണ്ടാക്കുമ്പോള്‍ അല്‍പം തേനും ഫ്രൂട്ട്‌സുമെല്ലാം ചേര്‍ത്താല്‍ അത് സമ്പന്നമായ ഭക്ഷണമായി.