ഫുഗു മത്സ്യം കഴിക്കുന്നവര്‍ സൂക്ഷിക്കുക. 

ഫുഗു മത്സ്യം കഴിക്കുന്നവര്‍ സൂക്ഷിക്കുക. ഫുഗു മത്സ്യം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമായ ഫുഗു മത്സ്യത്തിന്റെ വിഷാംശമുള്ള വിവിധ ഭാഗങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്. 

ബ്ലോ ഫിഷെന്നും പഫര്‍ ഫിഷെന്നും അറിയപ്പെടുന്ന ഫുഗുവിന്റെ കുടല്‍, കരള്‍, അണ്ഡാശയം, തൊലി എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോ ഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. സയനൈഡിനേക്കാള്‍ വീര്യമുള്ള വിഷമാണത്. ഇത് മനുഷ്യശരീരത്തിലെത്തിയാല്‍ നാഡീവ്യവസ്ഥയെ ബാധിച്ച് പക്ഷാഘാതം വരാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. ഈ മത്സ്യത്തില്‍ നിന്നുണ്ടാവുന്ന വിഷബാധയ്ക്ക് മറുമരുന്നില്ല. 

ജപ്പാനിലെ ഗമഗോരി പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കരള്‍ നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മത്സ്യം അബദ്ധത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഇവയില്‍ മൂന്നെണ്ണം അധികൃതര്‍ കണ്ടെത്തി. മറ്റ് രണ്ട് പാക്കറ്റുകള്‍ കണ്ടെത്താനായിട്ടില്ല. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.