ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതായിപ്പോയ ഇരട്ടയുടെ കൈകളാണ് വെറോണിക്കയുടെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്നത്. 14 വയസ്സുവരെ അധികമായ കൈകളുമായി ജീവിച്ച ശേഷമാണ് വെറോണിക്ക ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്
മനില: ഇരട്ടക്കുഞ്ഞുങ്ങള്‍ ധാരാളം ജനിച്ചിരുന്ന കുടുംബമായിരുന്നു വെറോണിക്ക കോമിന്‍ഗസിന്റേത്. വെറോണിക്കയെ ഗര്‍ഭത്തിലിരിക്കുമ്പോഴും ഇരട്ടകളായിരിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ വെറോണിക്കയ്ക്ക് ഇരട്ട സഹോദരങ്ങളായി ആരുമുണ്ടായില്ല. പക്ഷേ, ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതായിപ്പോയ ഇരട്ടക്കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ മാത്രം വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു.
നെഞ്ചില്‍ അധികമുള്ള രണ്ട് കൈകളും ചെറിയ ഒരു കുഞ്ഞിന്റെ ശരീരാകൃതി പോലെ തോന്നിക്കുന്ന മാംസക്കഷ്ണവുമായി വെറോണിക്ക കഴിഞ്ഞ 14 വര്‍ഷമായി ജീവിക്കുന്നു. വളരുന്തോറും കൈകളും നെഞ്ചിലെ മാംസവും വളര്‍ന്നു. മറ്റൊരാളെ നോക്കുന്നത് പോലെ, അത്രയും കരുതലോടെയായിരുന്നു വെറോണിക്ക അധികമായ ആ രണ്ട് കൈകളേയും പകുതി വളര്‍ന്ന വിരലുകളേയുമൊക്കെ പരിപാലിച്ചിരുന്നത്. നഖങ്ങള്‍ വെട്ടിയൊതുക്കിയും കൈകള്‍ ഉടുപ്പിനകത്ത് ഭദ്രമായി എടുത്തുവച്ചുമെല്ലാം അവള്‍ അവയെ ശുശ്രൂഷിച്ചു.
എന്നാല്‍ വയസ്സ് കൂടുന്തോറും വലുതായി വരുന്ന ഇവയുടെ ഭാരവും വേദനയും വെറോണിക്കയെ വലച്ചുതുടങ്ങിയതോടെയാണ് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യാമെന്ന് തീരുമാനിച്ചത്. നിര്‍ധനരായ കുടുംബത്തിന്റെ പക്കല്‍ ഇതിനാവശ്യമായ പണമില്ലാഞ്ഞതിനാലാണ് ശസ്ത്രക്രിയ നടക്കാന്‍ ഇത്രയും നാള്‍ വൈകിയത്.
ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിരിച്ച പണം കൊണ്ടാണ് വെറോണിക്കയുടെ ശസ്ത്രക്രിയ നടത്തുന്നത്. അധികമുള്ള കൈകളും നെഞ്ചിലെ മാംസപിണ്ഡവും എടുത്തുകളയാമെന്നും ഇത് വെറോണിക്കയുടെ ജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
