പാലില്‍ മായം കലരുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് എത്രത്തോളം അപകടകരമായ അളവിലുണ്ട്, എന്നിവയെല്ലാം കണ്ടെത്താനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പരിശോധന നടത്തി

വിപണിയില്‍ നിന്ന് വാങ്ങുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും മായം കലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. പാലും ഇതില്‍ നിന്ന് അത്ര വ്യത്യസ്തമാണെന്ന് കരുതാനൊന്നും വയ്യ, അല്ലേ? നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ അറിയാവുന്ന ഇടങ്ങളില്‍ നിന്ന് തന്നെയാണല്ലോ പാല്‍ വാങ്ങിക്കാറ്. എന്നാല്‍ നഗരങ്ങളിലാകുമ്പോള്‍ ഇത് നടപ്പില്ല. പാക്കറ്റ് പാല്‍ തന്നെ ശരണം. അപ്പോള്‍ ഇതൊക്കെ എത്രത്തോളം ശുദ്ധവും സുരക്ഷിതവും ആണെന്ന് അറിയേണ്ടേ?

അങ്ങനെ പാലില്‍ മായം കലരുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് എത്രത്തോളം അപകടകരമായ അളവിലുണ്ട്, എന്നിവയെല്ലാം കണ്ടെത്താനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പരിശോധന നടത്തി. നാഷണല്‍ മില്‍ക്ക് സെയ്ഫ്റ്റി ആന്റ് ക്വാളിറ്റി സര്‍വേ 2018 എന്ന പേരിലാണ് ഈ പരിശോധന നടത്തിയത്. 

പരിശോധനയില്‍ ഇന്ത്യയില്‍ ലഭ്യമായ സാമ്പിളുകളില്‍ 9.9 ശതമാനം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അതായത് അത്രയും അളവില്‍ സുരക്ഷിതമല്ലാത്ത പാല്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടെന്ന്. എന്നാല്‍ ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ലഭ്യമായ പാല്‍ സാമ്പിളുകളില്‍ മഹാഭൂരിഭാഗവും സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ പാര്‍ലമെന്റില്‍ അറിയിച്ചത്. 

പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പ്, വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത്, പ്രോട്ടീന്റെ അളവ്, കീടനാശിനി- മറ്റ് രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അവയുടെ അളവ് എന്നിവയാണ് പരിശോധിച്ചത്. രാജ്യത്തെ 1,100 പട്ടണങ്ങളില്‍ നിന്നാണ് സര്‍വേയ്ക്ക് വേണ്ടി പാല്‍ സാമ്പിളുകള്‍ ശേഖരിച്ചത്.