കഴിഞ്ഞ ദിവസം നടന്ന മിസ് ജപ്പാന്‍ സൗന്ദര്യമല്‍സരത്തില്‍ വിജയിച്ച സുന്ദരിക്ക് ഇന്ത്യന്‍ ബന്ധം. പ്രിയങ്ക യോഷികാവയാണ് ഈ വര്‍ഷത്തെ മിസ് ജപ്പാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ബോളിവുഡ് മുഖച്ഛായയാണ് മല്‍സരത്തില്‍ വിജയത്തിലേക്ക് നയിച്ചതെന്ന് എ എഫ് പിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക യോഷികാവ പറഞ്ഞു. ടോക്യോയില്‍ ജനിച്ച പ്രിയങ്കയുടെ അച്ഛന്‍ ഇന്ത്യക്കാരനും അമ്മ ജപ്പാന്‍കാരിയുമാണ്. ജപ്പാനില്‍ ഇത്തരത്തില്‍ വിഭിന്ന രാജ്യക്കാരായ ദമ്പതികളുടെ മക്കള്‍ വലിയതോതില്‍ വംശീയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രിയങ്കയുടെ അച്ഛനും അമ്മയും ഇത്തരം വംശീയ അധിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന സാമൂഹിക സംഘടനയിലെ അംഗങ്ങളാണ്. ജപ്പാനില്‍ പ്രതിവര്‍ഷം രണ്ടു ശതമാനം കുഞ്ഞുങ്ങളാണ് വിഭിന്ന രാജ്യക്കാരായ ദമ്പതികളുടേതായി ജനിക്കുന്നത്. തങ്ങള്‍ ജപ്പാന്‍കാരാണെന്നും, ജപ്പാന്‍കാരുടേതായ എല്ലാ അവകാശങ്ങളും തങ്ങളുടെ ഔദാര്യമാണെന്നും പ്രിയങ്ക യോഷികാവ എന്ന ഇരുപത്തിരണ്ടുകാരി പറയുന്നു. തന്റെ ഇന്ത്യന്‍ ബന്ധത്തില്‍ താന്‍ എന്നും അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.