കട്ടിയുള്ള ഭക്ഷണം മാത്രം കഴിക്കുന്നതും, അവയെ തുലനപ്പെടുത്താന്‍ ലഘുഭക്ഷണങ്ങളോ, പഴങ്ങളോ ഒന്നും കഴിക്കാതിരിക്കുന്നതും വയറിനെ അസ്വസ്ഥതപ്പെടുത്തുന്നു. മേല്‍ക്കുമേല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും ബാധിക്കുന്നു 

നല്ല ഡയറ്റിന്റെ അപര്യാപ്തതയാണ് പലപ്പോഴും വയര്‍ സ്തംഭിക്കാന്‍ ഇടയാക്കുന്നത്. കട്ടിയുള്ള ഭക്ഷണം മാത്രം കഴിക്കുന്നതും, അവയെ തുലനപ്പെടുത്താന്‍ ലഘുഭക്ഷണങ്ങളോ, പഴങ്ങളോ ഒന്നും കഴിക്കാതിരിക്കുന്നതും വയറിനെ അസ്വസ്ഥതപ്പെടുത്തുന്നു. മേല്‍ക്കുമേല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും ബാധിക്കുന്നു. നല്ല ദഹനത്തിനും, വയര്‍ സ്തംഭനത്തിന് പരിഹാരമാകാനുമെല്ലാം പഴങ്ങള്‍ തന്നെയാണ് നല്ലത്. ഈ അഞ്ച് പഴങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തി നോക്കൂ, മാറ്റം കാണാം...

ഒന്ന്...

'ഹീലിംഗ് ഫുഡ്‌സ്' എന്ന പുസ്തകത്തില്‍ വയറിന് ഏറ്റവും അനുയോജ്യമായ പഴങ്ങളുടെ കൂട്ടത്തില്‍ പ്രധാനിയായി ആപ്പിളിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് 'ഹീലിംഗ് പവര്‍' അഥവാ സുഖപ്പെടുത്താനുള്ള കഴിവുള്ള ഫലമാണ് ആപ്പിള്‍. ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറാണ് മലബന്ധത്തെ തടയാന്‍ സഹായിക്കുന്ന ഘടകമത്രേ. വയറിളക്കമുണ്ടായാലും നിശ്ചിത അളവില്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതുതന്നെ. 

രണ്ട്... 

ഓറഞ്ചാണ് വയറിനെ കട്ടി പിടിപ്പിക്കാതിരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലം. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ അല്ലാതെ ഇവ കഴിക്കുന്നതാണ് ഉത്തമം. 

മൂന്ന്...

ചെറുപഴമാണ് മലബന്ധമില്ലാതിരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലം. ഒരുപക്ഷേ, വയര്‍ സ്തംഭനമൊഴിവാക്കാന്‍ മിക്കവരും ചെറുപഴത്തിനെ തന്നെയാണ് പൊതുവേ ആശ്രയിക്കാറുള്ളത്. കുടലിനകത്ത് നിന്ന് എളുപ്പത്തില്‍ മലം നീക്കി, പുറത്തെത്തിക്കാനാണ് ചെറുപഴം സഹായിക്കുന്നത്. ഇത് വയറ്റിനകത്ത് മലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് സഹായകമാവുക. 

നാല്...

പലതരത്തിലുള്ള ബെറികളാണ് മറ്റൊരു പ്രധാന മാര്‍ഗം. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍ തന്നെയാണ് മലബന്ധത്തെ തടയാന്‍ സഹായിക്കുക. റാസ്‌ബെറി, മള്‍ബെറി, സ്‌ട്രോബെറി... തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഗ്യാസ് വന്ന് വയര്‍ വീര്‍ക്കുന്നത് തടയാനും ഇവ കഴിക്കുന്നത് ഉപകരിക്കും. 

അഞ്ച്...

ദഹനത്തിനാണ് ഫൈബര്‍ ഏറ്റവുമധികം ആവശ്യമായി വരിക. ഇത്തരത്തില്‍ ദഹനം സുഗമമാക്കാനുപകരിക്കുന്ന ഒന്നാണ് അത്തിപ്പഴം. വ്യാപകമായി കിട്ടുന്ന ഒന്നല്ലെങ്കിലും കിട്ടുന്നതിന് അനുസരിച്ച് ഇവയും ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.