അമിതമായി ഏത് ഭക്ഷണ-പാനീയങ്ങള്‍ കഴിച്ചാലും അത് ശരീരത്തിന് ദോഷഫലങ്ങളുണ്ടാക്കിയേക്കും. ചായയും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അമിതമായ ചായകുടിയും ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്

ദിവസം തുടങ്ങുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങും വരെ ഇടവിട്ട് ചായ കുടിക്കുന്നത് ചിലര്‍ക്ക് പതിവാണ്. അമിതമായ ചായകുടി ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന ആശങ്കയും വ്യാപകമാണ്. ഏത് പാനീയമാണെങ്കിലും ഭക്ഷണമാണെങ്കിലും അമിതമായാല്‍ അതിനനുസരിച്ചുള്ള ദോഷഫലങ്ങളുമുണ്ടായിരിക്കും. ചായയും വ്യത്യസ്തമല്ല. 

ചായ, അത് ഗ്രീന്‍ ടീ ആണെങ്കില്‍ കൂടിയും കൂടുതലായാല്‍ ശരീരത്തില്‍ നിര്‍ജലീകരണത്തിന് (Dehydration) കാരണമാകുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. ശരീരകോശങ്ങളില്‍ നിന്ന് ചായ ജലത്തെ പുറന്തള്ളുന്നു. ഇതുവഴിയാണ് നിര്‍ജലീകരണം സംഭവിക്കുന്നത്. ശരീരത്തിന് നഷ്ടമായ ജലം വീണ്ടെടുക്കാന്‍ പിന്നീട് നമുക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരുപക്ഷേ ശരീരം നമ്മളറിയാതെ തന്നെ അധിക ഭക്ഷണം ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. ഇത് ഒരു രീതിയില്‍ വയറ് ചാടാന്‍ കാരണമാകും. 

ചായയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ട്. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീര്‍ത്തിരിക്കാന്‍ കാരണമാകുന്നു. 

അതുപോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ചായ കുടിക്കുന്നുവെന്നതും. ഭക്ഷണത്തിന്റെ തൊട്ടുമുമ്പ് ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ ഇത് പിന്തിരിപ്പിക്കുമത്രേ. 

പലപ്പോഴും ചായയല്ല, ചായയ്ക്കകത്തെ പാലാണ് വില്ലനാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ക്ക് പാലോ പാലുത്പന്നങ്ങളോ കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത്തരക്കാര്‍ ഇവ കൂടുതല്‍ കഴിക്കുന്നത് സ്വാഭാവികമായും വയറിന് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. കഴിച്ച ഭക്ഷണം ദഹിക്കും മുമ്പ് വീണ്ടും കഴിക്കുന്നത് ഗുരുതമായ ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് വയറ് വീര്‍ത്തുവരികയും ചെയ്യുന്നു.