ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിളര്‍ച്ച പുരുഷന്മാര്‍ക്ക് പ്രമേഹം

ഇന്ത്യയില്‍ 40 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളര്‍ച്ചയുണ്ടെന്നും, 20 ശതമാനം പുരുഷന്മാര്‍ പ്രമേഹ രോഗികളാണെന്നും ആരോഗ്യ സര്‍വേ. പ്രമുഖ ഡയഗണസ്റ്റിക്ക് ഏജന്‍സിയായ എസ്.ബി.എല്‍. ഡയഗണസ്റ്റിക്ക് നടത്തിയ സര്‍വേ ഫലം ഇന്ത്യന്‍ എക്സ്പ്രസ്സാണ് പുറത്തുവിട്ടത്.

രാജ്യത്തെ 80 ശതമാനം ആളുകളില്‍ വിറ്റമിന്‍ ഡിയുടെ കുറവുണ്ട്. വിറ്റമിന്‍ ഡിയുടെ ഏറ്റവും കൂടുതല്‍ കുറവ് നേരിടുന്നത് പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ്. രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവിന്‍റെ കാര്യത്തിലും പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണ്. 

38 ശതമാനത്തോളം സ്ത്രീകള്‍ അനീമിയയുടെ പിടിയിലാണ്. 61 വയസ്സിന് മുകളിലുളള സ്ത്രീകളിലാണ് വിളര്‍ച്ച സാധ്യത ഏറ്റവും കൂടുതലും കാണാനായത്. സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 16 ശതമാനത്തിന് വിളര്‍ച്ചയുണ്ട്. സര്‍വേയില്‍ പങ്കെടുത്തതില്‍ 20 ശതമാനം പുരുഷന്മാരില്‍ പ്രമേഹമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ സ്ത്രീകളില്‍ 17 ശതമാനത്തിന് മാത്രമാണ് പ്രമേഹമുളളതായി കണ്ടെത്തിയത്.