കൊച്ചി: കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കാന്‍ പരസ്യത്തില്‍ കാണുന്ന ക്രീമുകളെല്ലാം ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ത്വക്ക് രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി പഠനം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടെര്‍മറ്റോളജിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന ഫലങ്ങള്‍. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് ശതമാനം മാത്രമായിരുന്നു കേരളത്തിലെ ത്വക് രോഗങ്ങള്‍. എന്നാല്‍ നിലവില്‍ ഇത് ഇരുപത്തഞ്ച് ശതമാനമായി ഉയര്‍ന്നതായാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. 

വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധക ക്രീമുകളാണ് ഇത്തരത്തില്‍ ത്വക് രോഗങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീമുകളില്‍ വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

കൊച്ചിയില്‍ നടന്ന ത്വക് രോഗവിദഗ്ധരുടെ 46ാമത് ദേശീയ സെമിനാറിലാണ് പഠനം പുറത്ത് വിട്ടത്. മിക്കപ്പോഴും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് പല മരുന്നുകളും സ്വന്തം നിലയ്ക്ക് പരീക്ഷിച്ച് പുരോഗതിയുണ്ടാവാത്ത ഘട്ടത്തിലാണ് വിദഗ്ദരെ സമീപിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

പതിനെട്ട് മുതല്‍ മുപ്പത്തഞ്ച് വയസിനിടയ്ക്കുള്ളവരിലാണ് ഇത്തരത്തില്‍ സ്റ്റിറോയിഡ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഉപയോഗം കൂടുതലെന്നും പഠനം വെളിവാക്കുന്നു. സൗന്ദര്യ വര്‍ദ്ധക ക്രീമുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും അവയില്‍ സ്റ്റിറോയിഡ് അടങ്ങിയിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് ധാരണയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം ക്രീമുകള്‍ തുടക്കത്തില്‍ ഫലം ചെയ്യുമെങ്കിലും തുടര്‍ച്ചയായ ഉപയോഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദ്ഗ്ധര്‍ വിലയിരുത്തുന്നു.