വൃത്തിയില്ലായ്മയാണ് യോനിയിൽ ചൊറിച്ചിൽ വരാനുള്ള പ്രധാനകാരണം. ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കരുത്.
മിക്ക സ്ത്രീകളിലും ഇന്ന് കണ്ട് വരുന്ന ഒന്നാണ് യോനിയിലെ ചൊറിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് യോനിയിൽ ചൊറിച്ചിലുണ്ടാകുന്നത്. ചെറിയ രീതിയിൽ ചൊറിച്ചിൽ തുടങ്ങി പിന്നീട് അത് വലിയ രീതിയിലുള്ള അസുഖങ്ങളായി മാറുകയാണ് ചെയ്യുന്നത്. യോനിയിൽ ചൊറിച്ചിൽ കൂടുന്നതോടെ അവസാനം ഗൈനക്കോളജിസ്റ്റിനെ കാണുകയും ചെയ്യും. വൃത്തിയില്ലായ്മ തന്നെയാണ് യോനിയിൽ ചൊറിച്ചിൽ വരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൊറിച്ചിൽ അകറ്റാനാകും.
1. യോനി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ദിവസവും ഒന്നോ രണ്ടോ തവണ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രമിക്കണം. വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കരുത്.
2. ജനനേന്ദ്രിയ ഭാഗങ്ങൾ എപ്പോഴും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും വേണം. ജനനേന്ദ്രിയത്തിൽ ചില സ്ത്രീകൾ പെർഫ്യൂം ഉപയോഗിക്കാറുണ്ട്. ഇത് ശരിയായ ശീലമല്ല.
3. പാകത്തിനുള്ളതും ഈർപ്പം വലിച്ചെടുക്കുന്ന തരത്തിലുള്ളതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതു മൂലവും ചൊറിച്ചിലുണ്ടാകാം.
4. വരണ്ട ചർമ്മം മൂലമാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെങ്കിൽ ചർമ്മം മൃദുവാക്കുന്നതിനും ഈർപ്പമുള്ളതാക്കുന്നതിനുമുള്ള കുഴമ്പുകൾ പുരട്ടുന്നത് നല്ലതാണ്.
5. നിലവാരമില്ലാത്ത സാനിറ്ററി പാഡുകൾ ഉപയോഗിക്കാതിരിക്കുക. അത്തരം പാഡുകൾ യോനിയിൽ കൂടുതൽ ചൊറിച്ചിലുണ്ടാക്കാം. കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.
6. ലെെംഗികബന്ധത്തിലേർപ്പെടുമ്പോൾ പരമാവധി ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ ശ്രമിക്കുക.ഇല്ലെങ്കിൽ യോനിയിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
