വന്ധ്യതാ ചികിത്സാ രംഗത്ത് രാജ്യത്തിന് മാതൃകയായി കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി. ജനനി പദ്ധതിയിലൂടെ 210 ദമ്പതികൾക്കാണ് സന്താനഭാഗ്യം കിട്ടിയത്. ആശുപത്രിയെ ഗവേഷണ കേന്ദ്രമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
അഞ്ച് വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനനിയെന്ന പേരിൽ വന്ധ്യതാ ചികിത്സ പദ്ധതി തുടങ്ങുന്നത്. ഇന്ന് എട്ടു ഡോക്ടർമാരുടെ സേവനവും ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 100 ലധികം രോഗികളും ഇവിടെയെത്തുന്നു. ഹോമിയോ ചികിത്സയുടെ സാധ്യതകൾ വിജയം കണ്ടതോടെ 210 ദമ്പതികൾക്കാണ് കുട്ടികളുണ്ടായത്. അതും യാതൊരു ചികിത്സാ ചെലവുമില്ലാതെ.
ആശുപത്രിയെ ഗവേഷണ കേന്ദ്രമാക്കാൻ സർക്കാർ തീരുമാനിച്ചതോടെ വന്ധ്യതാ ചികിത്സാരംഗത്തെ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇപ്പോഴുള്ള പരിമിതമായ സൗകര്യങ്ങൾ മാറി പുതിയ കെട്ടിടവും ആധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കും. ഇതിനായി ആശുപത്രിയോടു ചേർന്ന കണ്ണൂർ കോർപറേഷന്റെ സ്ഥലം ഏറ്റെടുക്കും. കണ്ണൂരിലെ വന്ധ്യതാ ചികിത്സാ കേന്ദ്രം വിജയമായതോടെ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രികളിലും ആരോഗ്യവകുപ്പ് ജനനി പദ്ധതി തുടങ്ങിയിട്ടുണ്ട്.
