വിവാഹത്തിന് ശേഷം ദമ്പതികള്‍ക്ക് തമ്മില്‍ അറിയാനുള്ള സമയമാണ് മധുവിധു. രണ്ടുപേരും അവരുടെ ഏറ്റവും നല്ല പെരുമാറ്റം കൊണ്ട് ഇണയെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ശ്രമിക്കുന്ന കാലമാണ് ഇത്. ഇതാണ് അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ധരിച്ചാല്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നിരാശയാകും. രണ്ടു വ്യക്തികള്‍ ചേരുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം. അതുവരെ അറിഞ്ഞ ആളേ അല്ലല്ലോ എന്ന് അടുത്ത് ഇടപഴകുമ്പോള്‍ തോന്നാം.
പൊരുത്തക്കേടുകള്‍ തുടങ്ങുന്നത് മധുവിധു കാലത്ത് തന്നെയാണ്. ആശയപ്പൊരുത്തത്തിലെത്താനാകാതെ വന്നാല്‍ പിണക്കങ്ങള്‍ ഉണ്ടാകാം. എന്നാലത് നീണ്ടുപോകാതെ നോക്കണം. തെറ്റു സംഭവിച്ചാല്‍ ക്ഷമ ചോദിക്കാന്‍ മടിക്കേണ്ട. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ എല്ലാവര്‍ക്കും ഉള്ളൂ. തെറ്റുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഹാരം കാണാനാകുന്നില്ലെങ്കില്‍ മാത്രം രണ്ടുപേരെയും നന്നായി അറിയാവുന്ന ആരോടെങ്കിലും പ്രശ്‌നം പറഞ്ഞ് ഒത്തുതീര്‍പ്പിലെത്താം.
ഹണിമൂണ്‍ കാലം കഴിയുമ്പോഴേക്കും യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങും. ജീവിതത്തിലേക്കെത്തുമ്പോള്‍ എല്ലായ്‌പ്പോഴും മധുരതരമായ പെരുമാറ്റം സാധിച്ചെന്നു വരില്ല. ധാരണകള്‍ക്ക് മാറ്റം വരുമ്പോള്‍ ചെറിയ ചെറിയ വഴുക്കുകള്‍ ഉണ്ടാകും. ഇവ ഊതിവീര്‍പ്പിച്ച് വലിയ പ്രശ്‌നമാക്കി മാറ്റാതെ നോക്കാന്‍ കഴിയുന്നിടത്താണ് ദാമ്പത്യവിജയം
