കുടവയര്‍- മലയാളികളുടെയെല്ലാം മുഖമുദ്രയായി മാറിയ കാലമാണിത്. സ്‌ത്രീകളും പുരുഷന്‍മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് കുടവയര്‍. പണ്ടൊക്കെ അമ്പത് കഴിഞ്ഞവരില്‍ മാത്രം കണ്ടിരുന്ന കുടവയര്‍ ഇന്ന് കൊച്ചുകുട്ടികളില്‍പ്പോലും വളരെ സാധാരണമാണ്. കുടവയര്‍ എന്ന പ്രശ്‌നത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങി ക്യാന്‍സറിന് വരെ കാരണമാകുന്ന ഒന്നാണ് കുടവയര്‍.

കുടവയര്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍...

വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയര്‍ ഉണ്ടാകാന്‍ കാരണം. നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെയും അന്നജത്തിന്റെയും അമിതമായ ഛയാപചയപ്രവര്‍ത്തനമാണ് കുടവയര്‍ ഉണ്ടാകുന്ന പ്രക്രിയ്‌ക്ക് കാരണമാകുന്നത്. ധാരാളം വെള്ളം കുടിച്ചാല്‍ കുടവയര്‍ ഉണ്ടാകുമെന്നത് ഏറ്റവും വലിയൊരു തെറ്റിദ്ധാരണയാണ്. ഇനി കുടവയര്‍ ഉണ്ടാകുന്നതിന് കാരണമാകുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കാം...

1, അമിതമായ ഷുഗറിന്റെ അളവ്...

 പണ്ടുമുതല്‍ക്കേ നാം മധുരത്തിനായി പഞ്ചസാര, ശര്‍ക്കര എന്നിവയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. അമിതമായി പഞ്ചസാര ഉപയോഗിക്കാത്തവരുടെ ശരീരത്തിലും കൂടുതല്‍ ഷുഗര്‍ എത്താറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം നമ്മള്‍ കഴിക്കുന്ന കോളകള്‍, ജ്യൂസുകള്‍ ഉള്‍പ്പടെയുള്ള ശീതളപാനീയങ്ങള്‍ വഴിയാണ്. മധുരത്തിനുവേണ്ടി ഇവയില്‍ അമിതമായ അളവില്‍ ഹൈ ഫ്രക്‌ടോസ് കോണ്‍സിറപ്പ് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കുടവയറിന് ഏറ്റവും പ്രധാന കാരണമായ ഫ്രക്‌ടോസ് അമിതമായ അളവില്‍ അതായത് 55 മുതല്‍ 90 ശതമാനം വരെ അടങ്ങിയിട്ടുണ്ട്. കൊച്ചു കുട്ടികളുടെ മിഠായികള്‍ മുതല്‍ ചോക്ലേറ്റ്, ഐസ്‌ക്രീം ബേക്കറികളില്‍ ലഭിക്കുന്ന എല്ലാ മധുരപലഹാരങ്ങളില്‍വരെ ഹൈ ഫ്രക്‌ടോസ് കോണ്‍സിറപ്പ് അമിതമായി ചേര്‍ത്തിട്ടുണ്ട്. ഈ ഹൈ ഫ്രക്‌ടോസ് കോണ്‍സിറപ്പ് നമ്മുടെ ശരീരത്തിലേക്ക് ദ്രവ്യരൂപത്തിലാണ് എത്തുന്നത്. ഇത് വളരെ വേഗം വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഹൈ ഫ്രക്‌ടോസ് കോണ്‍സിറപ്പ് ശരീരം വലിച്ചെടുക്കുന്നതിന് ദഹനത്തിന്റെ ആവശ്യംപോലുമില്ല. കൂടാതെ ഇത് ദ്രവ്യരൂപത്തിലായതിനാല്‍ നമുക്ക് വിശപ്പ് മാറുകയുമില്ല. അപ്പോള്‍ കോളയോ ജ്യൂസോ കുടിച്ചാല്‍ കൂടുതല്‍ ആഹാരം കഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ രണ്ടോ മൂന്നോ ഗ്ലാസ് കോളയും ബ‍ർഗറോ ബിരിയാണിയോ കഴിക്കുന്നത് സാധാരണമാണ്. ഇങ്ങനെ കഴിക്കുന്നവരില്‍ വളരെ അപകടകരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ജ്യൂസുകളില്‍ പഞ്ചസാര ചേര്‍ത്തില്ലെങ്കില്‍പ്പോലും അതില്‍ അടങ്ങിയിട്ടുള്ള അമിതമായ ഫ്രക്‌ടോസ് അപകടകരമാണ്. സാധാരണ പഴങ്ങളില്‍ ഫ്രക്‌ടോസിനൊപ്പം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പഴമായി കഴിക്കുമ്പോള്‍ നാരുകള്‍ ഉള്ളതിനാല്‍, ഫ്രക്‌ടോസ് ശരീരം അധികമായി വലിച്ചെടുക്കാറില്ല. എന്നാല്‍ ഇത് ജ്യൂസ് അടിക്കുമ്പോള്‍ നാരുകള്‍ ചതഞ്ഞുപോകുകയും, ഫ്രക്‌ടോസ് അതേപടി ശരീരം വലിച്ചെടുക്കുകയും ചെയ്യുന്നു.

2, ട്രാന്‍സ് ഫാറ്റ്...

ബേക്കറി ഭക്ഷണങ്ങളിലും ചോക്ലേറ്റിലും ഐസ്‌ക്രീമിലുമൊക്കെ മധുരത്തോടൊപ്പം ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന ഘടകം കുടവയര്‍ ഉണ്ടാകുന്നതിന് വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്. നമ്മുടെ ഭക്ഷണം പെട്ടെന്ന് കേടാകാതിരിക്കാന്‍ പുറമെ ചേര്‍ക്കുന്ന കൊഴുപ്പിനൊപ്പം ഹൈഡ്രജന്‍ അയണുകള്‍ ചേര്‍ക്കും. ഈ ട്രാന്‍സ്‌ ഫാറ്റ് പാക്കറ്റിലാക്കി ലഭിക്കുന്ന ഒന്നാണ് വനസ്‌പതി. കൊച്ചുകുട്ടികള്‍ ഇഷ്‌ടപ്പെടുന്ന അഞ്ചുരൂപയ്‌ക്ക് ലഭിക്കുന്ന മിഠായി മുതല്‍ ചോക്ലേറ്റ്, ബിസ്ക്കറ്റ് എന്നിവയിലൊക്കെ ട്രാന്‍സ് ഫാറ്റ് ചേര്‍ക്കാറുണ്ട്. സാധാരണ പാക്കറ്റുകളില്‍ ട്രാന്‍സ് ഫാറ്റ് എന്നോ ഹൈഡ്രജനേറ്റഡ് ഫാറ്റി ഓയില്‍സ് എന്ന് ഹൈഡ്രജനേറ്റഡ് ഓയില്‍സ് എന്നോ ആണ് രേഖപ്പെടുത്താറുള്ളത്. ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതുകൊണ്ടാണ് കൊച്ചുകുട്ടികളില്‍പ്പോലും കുടവയര്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നത്.

3, വ്യായാമം ഇല്ലായ്‌മ...

അമിതമായി ഭക്ഷണം കഴിച്ചിട്ട് വിശ്രമിക്കുന്ന തരത്തിലുള്ള ജീവിതരീതി കുടവയര്‍ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. നമ്മുടെ ശരീരത്തിലെത്തുന്ന അന്നജം ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി ഉര്‍ജ്ജമായി മാറാതെ, കൊഴുപ്പായി ശേഖരിക്കപ്പെടുന്നതുവഴി കുടവയര്‍ ഉണ്ടാകാം. ശരിയായ തോതില്‍ വ്യായാമം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

4, മാനസികസമ്മര്‍ദ്ദം...

കുടവയറിന് മറ്റൊരു പ്രധാന കാരണം മാനസികസമ്മര്‍ദ്ദമാണ്. സ്‌ത്രീകളില്‍ കുടവയര്‍ വ്യാപകമാകുന്നതിന്റെ കാരണം അമിതമായ മാനസികസമ്മര്‍ദ്ദമാണ്. മാനസികസമ്മര്‍ദ്ദം അധികമാകുമ്പോള്‍ നമ്മുടെ വൃക്കകളില്‍നിന്ന് കോര്‍ട്ടിസോള്‍ എന്ന സ്‌ട്രസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. കോര്‍ട്ടിസോള്‍ വളരെ പെട്ടെന്ന് ആമാശയത്തിന് ചുറ്റും അതായത് വയറിലാകെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം എന്നൊരു അവസ്ഥ സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ളവരില്‍ വീണ്ടും കൊഴുപ്പ് കൂടാനുള്ള സാധ്യത കൂടുതലാണ്. ഇതുകൊണ്ടാണ് ടെന്‍ഷന്‍ ഉള്ളപ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുന്നത്. ഈ പ്രശ്‌നം സ്‌ത്രീകളില്‍ മാത്രമല്ല, പുരുഷന്‍മാരിലും ഉണ്ടാകുന്നുണ്ട്. ശരീരത്തില്‍ ഈസ്‌ട്രജന്‍ എന്ന ഹോര്‍മോണിന്റെ കുറവും സ്‌ത്രീകളില്‍ കുടവയര്‍ ഉണ്ടാകുന്നതിന് കാരണമാകും. എന്നാല്‍ വസ്‌ത്രധാരണത്തിലെ പ്രത്യേകത കാരണം സ്‌ത്രീകളിലെ കുടവയര്‍ അങ്ങനെ പുറത്ത് അറിയാറില്ല.

5, സിസേറിയന്‍...

സിസേറിയന് ചെയ്തിട്ടുള്ള സ്ത്രീകളില്‍ വയറിലേ പേശികള്‍ക്ക് ദൃഢത കുറവായിരിക്കും. അതുകൊണ്ട് കൊഴുപ്പ് അടിയാനും കുടവയര്‍ ആകാനുമുള്ളസാധ്യത കൂടുതലായിരിക്കും. വ്യായാമം ചെയ്യാത്തതുകൊണ്ടാണ് ഇത്തരത്തില്‍ കുടവയര്‍ ഉണ്ടാകുന്നത്.

6, അമിതമായ ഭക്ഷണം...

അമിതമായി ഭക്ഷണം കഴിക്കുന്നതുവഴി ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടാം. ഇതും കുടവയര്‍ ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ചയുടന്‍ കിടന്ന് ഉറങ്ങുന്നതും കുടവയര്‍ ഉണ്ടാകുന്നതിന്റെ കാരണമാണ്.

7, തെറ്റായ ജിം ഉപയോഗവും വ്യായാമവും...

ഇന്ന് കൂടുതല്‍പേരും വ്യായാമം ചെയ്യുന്നതും ജിമ്മില്‍ പോകുന്നതും പേശികള്‍ക്ക് ദൃഢതയുണ്ടാക്കാനും മസില്‍ പെരുപ്പിക്കാനുമാണ്. എന്നാല്‍ വയറിന് ചുറ്റുമുള്ള വ്യായാമത്തിന് ആരും ശ്രദ്ധിക്കാറില്ല. സ്‌ഥിരമായി വ്യായാമം ചെയ്തിട്ട് പേശികള്‍ക്ക് ദൃഢത വരുമ്പോള്‍ അത് നിര്‍ത്തുന്നതും കുടവയര്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതായത് പതിവായി വ്യായാമം ചെയ്യുകയോ ജിമ്മില്‍പോകുകയോ ചെയ്തിട്ട് പെട്ടെന്ന് നിര്‍ത്തുന്നത് കുടവയര്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

8, ഉറക്കക്കുറവ്...

രാത്രിയില്‍ ഉറക്കം കുറയുന്നവരില്‍ കുടവയര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കം കുറയുന്നവരില്‍ ശരീരഭാരം കൂടാന്‍ കാരണമാകും. ഇത് കുടയവയര്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു.

9, സ്‌ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം...

സ്‌ത്രീകളിലെ ഈസ്‌ട്രജന്‍ ഹോര്‍മോണിലെ കുറവ് കുടവയറിന് കാരണമാകും. ഈസ്‌ട്രജന്‍ ശരിയായ അളവില്‍ ഉള്ളപ്പോള്‍, കൊഴുപ്പ് ശരീരത്തിന്റെ എല്ലാഭാഗങ്ങളിലേക്കും ഒരുപോലെയാണ് എത്തിപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവവിരാമമോ മറ്റു കാരണങ്ങളാലോ ഹോര്‍മോണിന്റെ കുറവ് സംഭവിച്ചാല്‍ കൊഴുപ്പിന്റെ അളവ് വയറിന് ചുറ്റും ക്രമാതീതമായി കൂടുകയും കുടവയര്‍ ഉണ്ടാകുകയും ചെയ്യും.

10, ശരീരത്തിലെ പ്രോട്ടീന്‍ ചയാപചയം...

നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍നിന്ന് പ്രോട്ടീന്‍ അഥവാ മാംസ്യം ശരിയായ അളവില്‍ ചായപചയ പ്രവര്‍ത്തനത്തിന് വിധേയമാകാത്തതും കുടവയറിന് കാരണമാകുന്നു. അതായത് നമ്മുടെ ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് ഒരു പരിധിക്ക് മുകളില്‍ കുറഞ്ഞാല്‍ അത് കുടവയര്‍ ഉണ്ടാകാനിടയാക്കുന്നു.

കുടവയര്‍ ഉണ്ടായാല്‍ സംഭവിക്കുന്നത്...

കുടവയര്‍ ഉള്ളവരില്‍ ഹൃദ്രോഗം, പ്രമേഹം, ക്യാന്‍സര്‍ എന്നി പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കൂടാതെ കരള്‍ വീക്കം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിനും കുടവയര്‍ കാരണമാകും.

കുടവയര്‍ എങ്ങനെ കുറയ്‌ക്കും?

കുടവയര്‍ കുറയ്‌ക്കുന്നതിന് അനുയോജ്യമായ ആരോഗ്യകരായ ഒരു ഡയറ്റ് നിര്‍ദ്ദേശിക്കാം. കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണം കുറച്ചുകഴിഞ്ഞാല്‍ കുടവയര്‍ കുറയ്‌ക്കാനാകും. പൊതുവെ അരിയാഹാരം കൂടുതലായി കഴിക്കുന്നതാണ് മലയാളികളില്‍ കുടവയര്‍ കൂടാനുള്ള മറ്റൊരു കാരണം. അതുകൊണ്ടുതന്നെ അന്നജം അടങ്ങിയ ഭക്ഷണം കുറച്ചിട്ട്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ കുടവയര്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയും. ഇതിനായി ചെയ്യേണ്ടത്, രാവിലെകളില്‍ കൃത്യമായി പ്രോട്ടീന്‍ ചേര്‍ന്ന ഭക്ഷണം കൃത്യമായി കഴിക്കുക. പ്രോട്ടീന്‍ ഭക്ഷണം എന്നാല്‍ പ്രോട്ടീന്‍ പൗഡര്‍ എന്നോ, പ്രോട്ടീന്‍ ഷേക്ക് എന്നോ അല്ല ഉദ്ദേശിക്കുന്നത്. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതല്ല. രാവിലെകളില്‍ നമുക്ക് എളുപ്പം ലഭ്യമാകുന്ന വെജിറ്റബിള്‍ പ്രോട്ടീനുകളായ ചെറുപയര്‍, കടല, പരിപ്പ്, സോയാബീന്‍ എന്നിവ സ്ഥിരമായി കഴിക്കുക. ഇവയില്‍ ഓരോന്നും ഓരോ ദിവസങ്ങളില്‍ മാറിമാറി കഴിക്കുകയാണ് വേണ്ടത്. നോണ്‍ വെജ് കഴിക്കുന്നവരാണെങ്കില്‍, മല്‍സ്യം, തൊലി കളഞ്ഞ ചിക്കന്‍, മുട്ടയുടെ വെള്ള എന്നിവയാണ് കഴിക്കേണ്ടത്. ഇങ്ങനെ കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്താല്‍ കുടവയര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയും. രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുക, ദിവസവും 40 മിനിട്ടെങ്കിലും നടക്കുക ഇത്രയും ചെയ്യുന്നവരില്‍ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയുകയും കുടവയര്‍ ഇല്ലാതാകുകയും ചെയ്യും...

കടപ്പാട്- ഡോ. രാജേഷ് കുമാര്‍, തിരുവനന്തപുരം

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം-വീഡിയോ കാണാം...