കേക്കില്ലാതെ എന്ത് ക്രിസ്മസ് അല്ലേ. ഈ ക്രിസ്മസിന് അടിപൊളി ഫ്രൂട്ട് കേക്ക് തയ്യാറാക്കാം. സ്വാദൂറും ഫ്രൂട്ട് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മൈദ 2 കപ്പ് 
പഞ്ചസാര 1 കപ്പ്
ബട്ടർ 1 കപ്പ്
മുട്ട 4 എണ്ണം
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ 1 ടീസ്പൂൺ
ഓറഞ്ച് തൊലി ചീകിയത് 3 ടേബിൾസ്പൂൺ
വാനില എസ്സെൻസ്‌ 2 ടീസ്പൂൺ

ഡ്രൈ ഫ്രൂട്സ് നോട്ട് 1
സ്പൈസസ്‌ നോട്ട് 2
കാരമേൽ സിറപ്പ് നോട്ട് 3 

നോട്ട് 1 ‌:

ഡ്രൈ ഫ്രൂട്സ്...

ഉണക്ക മുന്തിരി, ഈന്തപഴം, ബദാം, ട്യൂട്ടി ഫ്രൂട്ടി, ചെറി, കശുവണ്ടി, പ്രൂൺസ് എല്ലാം ചെറുതായി അരിഞ്ഞത് 450 ഗ്രാം.

ഇത് ഒന്നര കപ്പ് റം/ മുന്തിരി വൈൻ/ മുന്തിരി ജ്യൂസ് ഏതെങ്കിലും ഒഴിച്ച് ഒരു ആഴ്ച്ചത്തേക്ക് വയ്ക്കുക. 

ഒരു ആഴ്ച്ച എന്നത് മിനിമം ആണ്.

നോട്ട് 2 :

സ്പൈസസ്‌...

ഗ്രാമ്പു 1 എണ്ണം
കറുവപ്പട്ട 1 എണ്ണം ചെറുത് 
ചുക്ക് അര ഇഞ്ച് കഷ്ണം
ഏലയ്ക്ക 2 എണ്ണം

എല്ലാം കൂടി നന്നായി പൊടിച്ചെടിക്കുക. 

നോട്ട് 3 :

കാരമേൽ സിറപ്പ്...

വെള്ളം മുക്കാൽ കപ്പ്
പഞ്ചസാര അര കപ്പ്

ആദ്യം വെള്ളം തിളപ്പിക്കണം. തിളച്ച ശേഷം പഞ്ചസാര ഇട്ടു കൊടുക്കുക. ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. കട്ടിയാകുന്ന പരുവം ആകരുത്. 

നോട്ട് 4 :

ചെയ്തു വെക്കേണ്ട മറ്റു കാര്യങ്ങൾ: 

മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കണം. 
ശേഷം വെള്ള നന്നായി ബീറ്റ് ചെയ്തു വയ്ക്കുക. 

മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും നന്നായി ഇളക്കിയോജിപ്പിച്ചു അരിച്ചു വയ്ക്കുക.

കേക്ക് ഉണ്ടാക്കുന്ന വിധം...

ആദ്യം ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും ബീറ്റ് ചെയ്യുക. നന്നായി യോജിച്ച ശേഷം വാനില എസ്സൻസും ഓറഞ്ച് തൊലി ചീകിയതും ചേർത്ത് കൊടുക്കാം. 

കൂടെ സ്‌പൈസസ് പൊടിച്ചതും ചേർത്ത് കൊടുക്കാം. എല്ലാം കൂടി ബീറ്റ് ചെയ്യുക. ഇനി മൈദാ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കാം.

 കാരമേൽ സിറപ്പും ഒഴിച്ച് കൊടുക്കാം. എല്ലാം കൂടി നന്നായി ബീറ്റ് ചെയ്തു എടുക്കുക. ശേഷം ഉള്ള കാര്യങ്ങൾ തവി കൊണ്ടേ ചെയ്യാൻ പാടുള്ളു. 

ഇനി മുട്ടയുടെ വെള്ള ചേർത്ത് നന്നായി ഇളക്കി എടുക്കുക. അവസാനം കുതിർത്ത് വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു എടുക്കുക. 

ഇനി കേക്ക് മിക്സ് ബേക്ക് ചെയ്ത് എടുക്കാം. 

180 ഡിഗ്രി ഇത് പ്രീഹീറ്റ് ചെയ്യുക. ശേഷം 45 മിനിറ്റ് ബേക്ക് ചെയ്യുക.

ഫ്രൂട്ട് കേക്ക് തയ്യാറായി....