കപ്പ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് നാടൻ കപ്പ കറി. സ്വാദൂറും നാടൻ കപ്പ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

കപ്പ പുഴുങ്ങിയത് 2 കപ്പ് 
ചെറിയ ഉള്ളി 4 എണ്ണം 
വെളുത്തുള്ളി 5-6 എണ്ണം 
പച്ചമുളക് 2 എണ്ണം 
കറിവേപ്പില 1 തണ്ട് 
മുളക്പൊടി 1.5 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ 
തേങ്ങാപ്പാൽ (ഒന്നാം പാൽ) 1/4 കപ്പ് 
കടുക് 1/4 സ്പൂൺ 
ഉപ്പ്, എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം:

ആദ്യം വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. ശേഷം വെള്ളം ഊറ്റിക്കളയാം.

 ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളി വെളുത്തുള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ശേഷം ഇതിലേയ്ക്ക് പാകത്തിന് മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വഴന്നു വരുമ്പോൾ വേവിച്ച് വെച്ച കപ്പ കഷ്ണങ്ങൾ ചേർത്തിളക്കി കുറച്ചു വെള്ളം ചേർത്ത് വേവിക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. 

കപ്പ കുഴഞ്ഞു ചാറ് വറ്റിത്തുടങ്ങുമ്പോൾ കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇളക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങാം. 
 ചപ്പാത്തി‌യുടെയും ചോറിന്റെയും കൂടെ കഴിക്കാൻ പറ്റിയ കറിയാണ് ഇത്.