ചെമ്മീൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചെമ്മീൻ പ്രേമികൾക്കായി ഇതാ ഒരു സെപ്ഷ്യൽ വിഭവം. നല്ല നാടൻ ഉണക്ക ചെമ്മീൻ മുരിങ്ങയ്ക്ക കറി തയ്യാറാക്കാം. 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ഉണക്ക ചെമ്മീൻ ഒരു പിടി
മുരിങ്ങയ്ക്ക 3 എണ്ണം
തക്കാളി 1 എണ്ണം
ചുവന്നുള്ളി 10 എണ്ണം
ജീരകം ഒരു നുള്ള്
മുളക് പൊടി മുക്കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
പച്ചമുളക് 2 എണ്ണം
തേങ്ങാ ചിരകിയത് അര കപ്പ് 
കടുക് ഒരു നുള്ള്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉണക്കച്ചെമ്മീൻ നന്നായി കഴുകി മുരിങ്ങയ്ക്കായും പച്ചമുളകും ഉപ്പും ഒരു കപ്പ് വെള്ളവും ഒഴിച്ച് കുക്കറിൽ വേവിക്കാം. 

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും വഴറ്റാം. 

വഴണ്ട് കഴിയുമ്പോൾ മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർക്കാം. മസാല മൂത്തു കഴിയുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. 

മസാലക്കൊപ്പം തക്കാളി നന്നായി ഉടച്ചു എടുക്കണം . ഇനി കുക്കറിൽ വേവിച്ച ഉണക്ക ചെമ്മീൻ മുരിങ്ങയ്ക്ക ചാറോടു കൂടി ചേർത്ത് കൊടുക്കണം. 

അവസാനം തേങ്ങയും ജീരകവും പേസ്റ്റ് പരുവത്തിൽ അരച്ച് ചേർക്കുക. തേങ്ങാ അരച്ചത് ചേർക്കുമ്പോൾ തീ ഓഫ് ചെയ്തിട്ടു വേണം ചെയ്യാൻ. രുചിയേറിയ ഉണക്ക ചെമ്മീൻ മുരിങ്ങയ്ക്ക കറി തയ്യാറായി...