തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജീവിതാന്ത്യ ശൂശ്രുഷ കരട് നിയമത്തില്‍ ആശങ്കയെന്ന് ആരോഗ്യ വിദഗ്ധര്‍. ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗാവസ്ഥയിൽ, യന്ത്ര സഹായത്തോടെ ജീവൻ നിലനിർത്തേണ്ടെന്ന് രോഗി ആവശ്യപ്പെട്ടാലും നിയമം അത് അനുവദിച്ച് നല്‍കില്ല. ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍ 

ജീവിതാന്ത്യ ശുശ്രൂഷയെപ്പറ്റി ഇതുവരെ ഒരു നിയമവുമില്ല. അതുകൊണ്ടുകൂടിയാണ് നിയമ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത്. ഇതിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടിലാണ് മാലികാവകാശങ്ങളുടെ ലംഘനമുണ്ടെന്ന പരാതി ഉയരുന്നത്. രോഗം വന്നാല്‍ മികച്ച ചികില്‍സ തേടുന്ന ഒരു രോഗിക്ക് രോഗം ചികില്‍സിച്ചു ഭേദമാക്കാനാകില്ലെന്ന സാഹചര്യത്തില്‍ യന്ത്ര സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാനാകില്ല. 

തീവ്രപരിചരണ വിഭാഗത്തില്‍ ഏകാന്തതയില്‍ വെന്‍റിലേറ്ററടക്കം ഉപകരണങ്ങളുടെ സഹായത്താല്‍ തനിക്ക് ജീവിധം വലിച്ചു നീട്ടേണ്ടെന്ന് രോഗി നേരത്തെ എഴുതി വച്ചിരുന്നാലും അതിനും നിയമസാധുത ഇല്ല . ഇതെല്ലാം ദയാവധത്തിന്‍റെ നിര്‍വചനത്തില്‍ വരുമെന്നാണ് പുതിയ കരട് നിയമം പറയുന്നത് . ഇങ്ങനെ ജീവിതം വലിച്ചുനീട്ടിയാല്‍ കുടുംബം വഴിയാധാരമാകുന്ന ചികില്‍സയെ തടയാന്‍ പോലും രോഗിക്കാകാത്ത സ്ഥിതി ഉണ്ടാകും .

ജീവിതാന്ത്യ ശുശ്രൂഷയെപ്പറ്റി നിയമം അനിവാര്യമാണെങ്കിലും യുക്തിക്ക് നിരക്കാത്തവയെ അംഗീകരിക്കാനാകില്ലെന്ന നിലപാട് കേന്ദ്രത്തെ അറിയിക്കാനുള്ള ശ്രമത്തിലാണിവര്‍.