അമേരിക്കന്‍ പട്ടാളത്തില്‍ ഒരു ഇന്ത്യക്കാരന്‍ ചേരാന്‍ ചെന്നാല്‍ അവര്‍ എടുക്കുമോ? ഉത്തരത്തിനായി അലയണ്ട, ഒരു ഇന്ത്യക്കാരന് അമേരിക്കന്‍ പട്ടാളത്തില്‍ ജോലി കിട്ടിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌‌പുര്‍ സ്വദേശി മൊനാര്‍ക് ശര്‍മ്മയ്‌ക്കാണ് അമേരിക്കയില്‍ പട്ടാളക്കാരനായി ജോലി ലഭിച്ചിട്ടുള്ളത്. അമേരിക്കന്‍ ആര്‍മിയിലെ എച്ച്-64ഇ പോര്‍വിമാന യൂണിറ്റില്‍ ശാസ്‌ത്രജ്ഞനായാണ് മൊനാര്‍ക് ശര്‍മ്മയ്‌ക്ക് നിയമനം ലഭിച്ചത്. ടെക്‌സാസിലെ ഫോര്‍ട്ട് ഹൂഡിലെ ആസ്ഥാനത്താണ് നിയമനം. ഒരു വര്‍ഷം 1.2 കോടി രൂപയാണ് മൊനാര്‍കിന് ശമ്പളമായി ലഭിക്കുക. അതായാത് പ്രതിമാസം പത്ത് ലക്ഷം രൂപയാണ് ശമ്പളം. അമേരിക്കന്‍ സൈന്യത്തിനുവേണ്ടിയുള്ള പോര്‍വിമാനങ്ങളുടെ നിര്‍മ്മാണ ചുമതലയാണ് മൊനാര്‍കിന് ലഭിച്ചിരിക്കുന്നത്.

2013 മുതല്‍ നാസയിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്‌തുവരികയായിരുന്ന മൊനാര്‍ക് 2016 മെയിലാണ് അമേരിക്കന്‍ സൈന്യത്തില്‍ ജോലി ലഭിച്ചത്. ഈ ഒരു വര്‍ഷത്തിനിടയില്‍ മികച്ച സേവനത്തിനുള്ള ആര്‍മി സര്‍വ്വീസ് മെഡലും സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡും മൊനാര്‍ക്ക് സ്വന്തമാക്കി. മൊനാര്‍കിന്റെ ജോലിയിലെ മികവ് പരിഗണിച്ച് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വവും അവിടുത്തെ സര്‍ക്കാര്‍ നല്‍കി. ജയ്‌പുര്‍ നാഷണല്‍ സര്‍വ്വകലാശാലയില്‍നിന്ന് ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ മൊനാര്‍ക്ക് പിന്നീട് അമേരിക്കയിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് നാസയിലെ ജോലി ലഭിക്കുന്നത്.