ദാമ്പത്യബന്ധം ദൃഢമാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് ആശയവിനിമയത്തിനുള്ളത്. പങ്കാളികള്‍ തമ്മില്‍ ഏറ്റവും ഫലപ്രദമായ ആശയവിനിമയം സാധ്യമാകുന്നത് കിടപ്പറയിലാണ്. നമ്മള്‍ മലയാളികള്‍ തലയണമന്ത്രം എന്നു വിളിക്കുന്ന ഈ ആശയവിനിമയമാണ് ദാമ്പത്യബന്ധത്തെ പൂര്‍ണമാക്കുന്നത്. തലയിണമന്ത്രത്തില്‍ വിഷയങ്ങള്‍ പലതാകും. ഇവിടെയിതാ, തലയണമന്ത്ര സംസാരത്തിന് പറ്റിയ ചില കാര്യങ്ങള്‍ പങ്കുവെയ്‌ക്കാം...

അനുമോദിക്കാന്‍ മറക്കരുത്...

കിടപ്പറ സംസാരങ്ങളില്‍ പങ്കാളിക്ക് ഏറ്റവും ഇഷ്‌ടമായ കാര്യമാണിത്. ആ ദിവസം ചെയ്‌ത നല്ല കാര്യങ്ങള്‍ പറഞ്ഞ് പരസ്‌പരം അനുമോദിക്കാം. ഇത് തലയണമന്ത്ര സംസാരത്തെ ആകര്‍ഷകമാക്കും.

ഭാവികാര്യങ്ങള്‍ തീരുമാനിക്കാം...

ജോലി, ജീവിതം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ഭാവിസംബന്ധമായ കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ ഏറ്റവും പറ്റിയ ഇടം കിടപ്പറയാണ്. ഭാവികാര്യങ്ങളെക്കുറിച്ച് പരസ്‌പരം ആശയങ്ങള്‍ പങ്കുവെച്ച് തീരുമാനങ്ങളെടുക്കാന്‍ ഈ സംസാരം സഹായിക്കും. 

പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം...

കുട്ടിക്കാലത്തെയും, സ്കൂള്‍-കോളേജ് കാലഘട്ടത്തിലെയും തമാശകള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് തലയണമന്ത്ര സംസാരം. എന്നാല്‍ പഴയകാല പ്രണയത്തെക്കുറിച്ച് പറഞ്ഞ്, ഈ സംസാരം കുളമാക്കരുത്. 

ആ ദിവസം എങ്ങനെ...

പൊതുവെ രാത്രിയിലാണ് തലയണമന്ത്ര സംസാരങ്ങള്‍ നടക്കാറുള്ളത്. അപ്പോള്‍ കഴിഞ്ഞപോകുന്ന ദിവസം എങ്ങനെയുണ്ടായിരുന്നു. ജോലിക്കിടയിലും മറ്റും സംഭവിച്ച വീഴ്‌ചകളും അത് പരിഹരിക്കുന്നതിനെക്കുറിച്ചുമൊക്കെ പങ്കാളിയുമായി ചര്‍ച്ച ചെയ്യാം. ഇത് പിറ്റേദിവസം തെറ്റുതിരുത്തി കൂടുതല്‍ മികവുറ്റ പ്രകടനം കാഴ്ചവെയ്‌ക്കാന്‍ സഹായകരമാകും.