കൊടൈക്കനാല്‍: മണിപ്പൂരി സമരനായിക ഇറോം ഷര്‍മിള വിവാഹിതയായി. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ വെച്ചായിരുന്നു വിവാഹം. ബ്രിട്ടീഷ് പൗരനായ ഡെസ്‌മണ്ട് കുടിന്യോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മാസം കൊടൈക്കനാലിലെ രജിസ്റ്ററോഫീസില്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഡോക്യുമെന്ററി സംവിധായികയായ ദിവ്യാഭാരതിയായിരുന്നു ചടങ്ങില്‍ ഇറോമിനൊപ്പമുണ്ടായിരുന്നത്. ചന്ദനനിറമുള്ള ശിരോവസ്ത്രവുമായി ഇറോമും പരമ്പരാഗത മണിപ്പൂരി വസ്ത്രങ്ങളണിഞ്ഞ് ഡെസ്‌മണ്ടും വിവാഹത്തിനെത്തി. ഇറോമിന്റെയോ ഡെസ്ണ്ടിന്റെയോ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോം ഷര്‍മിള 90 വോട്ടുകള്‍ മാത്രം നേടി കനത്ത പരാജയമേറ്റു വാങ്ങിയതോടെയാണ് മണിപ്പൂര്‍ വിട്ട് കേരളത്തിലേയ്ക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേയ്ക്കും താമസം മാറ്റിയത്. കൊടൈക്കനാലിലെ വസതിയില്‍ തന്നെ തുടര്‍ന്ന് താമസിയ്ക്കുമെന്നും അഫ്‌സ്പയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും ഇറോം പറഞ്ഞു. ഇറോം ഷര്‍മിളയെ കൊടൈക്കനാലില്‍ താമസിയ്ക്കാനനുവദിയ്ക്കരുതെന്ന് കാട്ടി തീവ്രഹിന്ദുസംഘടനയായ ഹിന്ദു മക്കള്‍ കക്ഷി പരാതി നല്‍കിയ സാഹചര്യത്തില്‍ വിവാഹത്തിന് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.