തിരുവനന്തപുരം:  ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്നാണ് അസഹനീയമായ വയറു വേദന. വേദന അസഹ്യമായാല്‍ പോലും മരുന്ന് കഴിക്കുന്നതില്‍ നിന്ന് പലപ്പോഴും പിന്തിരിപ്പിക്കുന്നതിന് കാരണം പലതും തെറ്റിധാരണകളാണെന്ന് ആരോഗ്യപ്രവര്‍ത്തക വീണ ജെ എസ് വിശദമാക്കുന്നു. കടുത്ത വയറുവേദന സഹിക്കുന്നത് പ്രസവ വേദനയിലേക്കുള്ള തയ്യാറെടുപ്പുകളായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാല്‍  വേദന വരുന്ന മുറയ്ക്ക് തന്നെ കയ്യിലുള്ള വേദനാസംഹാരികള്‍ കഴിക്കുന്ന സ്ത്രീകള്‍ ഉണ്ട്. 

ആര്‍ത്തവ വേദന സഹിച്ച് പിടിക്കുന്നതും അതു പോലെ തന്നെ കയ്യില്‍ കിട്ടിയ വേദനാസംഹാരികള്‍ അകത്താക്കുന്നതും ഒരു പോലെ തന്നെ അപകടം നിറഞ്ഞതാണെന്ന് ഡോക്ടര്‍ കൂടിയായ വീണ ജെ എസ് വിശദമാക്കുന്നു. ആര്‍ത്തവ സമയത്തെ വേദന രണ്ട് വിധത്തിലുള്ളതാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാത്ത വയറു വേദന(ഡിസ്മെനോറിയ)യും കാരണങ്ങള്‍ ഉള്ള വയറുവേദന(സെക്കന്ററി ഡിസ്മെനോറിയ) യും. ഇതില്‍ രണ്ടാമത്തെ വയറുവേദന അവഗണിക്കുന്നത് അപകടകരമാണ്. അതിനാല്‍ തന്നെ രണ്ടാമത്തെ ഇനം വയറുവേദനയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതിനാണ് വിദഗ്ദരെ കാണണമെന്ന് പറയുന്നത്.  

ഫൈബ്രോയിഡ്, പെല്‍വിക് ഇന്‍ഫ്ലമേറ്ററി രോഗങ്ങള്‍, എന്‍ഡ്രോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ സൂചനകള്‍ ആവാം ആര്‍ത്തവ വേദന നല്‍കുന്നത്. ഇവയില്‍ ചിലത് കാന്‍സറിലേക്കും വന്ധ്യതയിലേക്കും നയിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അപകടം കുറഞ്ഞ ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരം അസുഖങ്ങള്‍ കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ സാധ്യതകള്‍ ഏറെയുണ്ടെന്ന് വീണ വിശദമാക്കുന്നു.  ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുന്നത് വേദന ശമിക്കാന്‍ സഹായകരമാണെന്നും വീണ പറയുന്നു.