വിവിധ കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് തകരാറുകള്‍ സംഭവിക്കാം. ചര്‍മ്മരോഗങ്ങളെ തിരിച്ചറിയല്‍ അത്ര എളുപ്പമല്ല, എന്നതാണ് പലപ്പോഴും ചികിത്സ വൈകാനും അതുവഴി രോഗം മാറാനും സമയമെടുക്കാന്‍ ഇടയാക്കുന്നത്

നമ്മുടെ ആകെ ശരീരത്തെയും സംരക്ഷിച്ച്, അതിന് ആവരണമായി നില്‍ക്കുന്നത് ചര്‍മ്മമാണ്. ഇത്രമാത്രം വലിയ ധര്‍മ്മം നിര്‍വഹിക്കുമ്പോഴും വളരെ ചെറിയ കാരണങ്ങള്‍ കൊണ്ടുതന്നെ പ്രശ്‌നത്തിലാകാനുള്ള സാധ്യതകളും ചര്‍മ്മത്തിനുണ്ട്. 

കാലാവസ്ഥാവ്യതിയാനങ്ങള്‍, ഭക്ഷണം, മാനസികപ്രശ്‌നങ്ങള്‍, എന്തെങ്കിലും അസുഖം വരുന്നത്- ഇങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് തകരാറുകള്‍ സംഭവിക്കുന്നു. ചര്‍മ്മരോഗങ്ങളെ തിരിച്ചറിയല്‍ അത്ര എളുപ്പമല്ല, എന്നതാണ് പലപ്പോഴും ചികിത്സ വൈകാനും അതുവഴി രോഗം മാറാനും സമയമെടുക്കാന്‍ ഇടയാക്കുന്നത്.

ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകുന്നത് ഇപ്പറഞ്ഞതുപോലെ പല അവസ്ഥകളിലും സംഭവിച്ചേക്കാം. എന്നാലിത് കൃത്യമായി എന്ത് കാരണം മൂലമാണുണ്ടാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. 

കൈമുട്ടിലും കാല്‍മുട്ടിലും ചൊറിച്ചില്‍ അനുഭവപ്പെടുന്നത് അത്ര സാധാരണമോ ചെറുതോ ആയ പ്രശ്‌നമായി കാണരുത്. ഇതൊരുപക്ഷേ, വരട്ടുചൊറിയുടെ ഭാഗമായി ഉണ്ടാകുന്നതായിരിക്കും. ശരീരത്തില്‍ എവിടെയും ഇതുണ്ടാകാമെങ്കിലും ഏറ്റവും സാധാരണമായ സ്ഥലങ്ങള്‍ കൈമുട്ടും, കാല്‍മുട്ടും, കാല്‍മുട്ടിന് പിറകിലുമെല്ലാമാണ്. 

ചര്‍മ്മവീക്കമുണ്ടായി (Dermatitis) അത് ശ്രദ്ധിക്കാതെ വിടുന്നത് മൂലവും, ആസ്ത്മയും, അലര്‍ജിയെ തുടര്‍ന്നുണ്ടാകുന്ന പനിയുമെല്ലാമാണ് വരട്ടുചൊറിയിലേക്കെത്തിക്കുന്നത്. ചിലരില്‍ ഇത് വളരെ ചെറുപ്പം മുതല്‍ തന്നെ കാണാം. പോകെപ്പോകെ ഇത് പഴകിയും വരുന്നു. 

തൊലി വരണ്ടുണങ്ങുന്നത്, അലര്‍ജി, ക്രീമുകളിലും മറ്റുമുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം, സ്‌ട്രെസ്, ജലദോഷം പോലുള്ള അണുബാധ - ഇവയെല്ലാം ചര്‍മ്മവീക്കത്തിന് കാരണമാകുന്നുണ്ട്. ഇതിന് ആദ്യമേ ചികിത്സ തേടുന്നത് പിന്നീട് വരട്ടുചൊറിയുണ്ടാകുന്നത് തടയും.