ടോക്കിയോ: ജപ്പാനിലെ ജനങ്ങളില്‍ ലൈംഗികത വളരെ കുറവാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അവിവാഹിതരായ പുരുഷന്‍മാരില്‍ 70 ശതമാനവും, സ്ത്രീകളില്‍ 60 ശതമാനവും ഏകരായി കഴിയുന്നവരാണ്.

ഇവരില്‍ ഭൂരിഭാഗം പേരും ഒരിക്കല്‍ പോലും പ്രണയത്തില്‍ ഏര്‍പ്പെടാത്തവരാണ്. 42 ശതമാനം പുരുഷന്‍മാരും, 44.2 ശതമാനം സ്ത്രീകളും ഇത് വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷനും സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചും സംയുക്തമായാണ് പഠനം നടത്തിയത്. സ്വവര്‍ഗ പ്രേമികളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലൈംഗികത ഇല്ലാത്തത് ജപ്പാന്‍ ഗവണ്‍മെന്‍റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ജപ്പാനിലെ ജനങ്ങളുടെ പ്രത്യുല്‍പാദനക്ഷമത 2025ഓടെ നിലവിലെ 1.4 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. 

ഇതിനായി നിലവില്‍ മികച്ച ശിശുപരിചരണവും കുട്ടികളുള്ളവര്‍ക്ക് നികുതിയിളവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടത്ര ഫലം കാണാത്തതുകൊണ്ട് സര്‍ക്കാര്‍ മറ്റ് നടപടികള്‍ ആലോചിക്കുകയാണ്. സര്‍വേയില്‍ പങ്കെടുത്ത മിക്കവരും വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അത് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തവരായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.