തമിഴ്നാടും, ആന്ധ്രയും കർണാടകയും കേരളത്തിന്‍റെ പിന്നില്‍ മാത്രം. ആകെയുള്ളവരില്‍ പുരുഷന്മാരെക്കാള്‍ പൊണ്ണത്തടിയുള്ളത് സ്ത്രീകള്‍ക്കെന്നും പഠനം

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുതിര്‍ന്നവരില്‍ പകുതിയോളം പേരും പൊണ്ണത്തടിയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്. ആകെയുള്ളവരില്‍ 52.4% പേരും പൊണ്ണത്തടിയുള്ളവരാണെന്നാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനം കണ്ടെത്തിയത്. 

സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് പൊണ്ണത്തടി കൂടുതല്‍ കണ്ടെത്തിയത്. അതായത് 52.4% പേരില്‍ പകുതിയോ, അതിലധികമോ പേര്‍ സ്ത്രീകളാണ്. ഒട്ടും പിറകിലല്ലാതെ പുരുഷന്മാരുമുണ്ട്. 

മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളമാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പഠനം പൂര്‍ത്തിയാക്കിയത്. 

പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകുമെന്നും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനസംഘം അറിയിച്ചു. ജീവിതശൈലികലില്‍ വന്ന മാറ്റങ്ങളാണ് ആളുകളില്‍ പൊണ്ണത്തടി കൂടാന്‍ ഇടയായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

വ്യായാമമില്ലാതെ, തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതാണ് വയറിന്റെ താഴ്ഭാഗങ്ങളില്‍ കൊടുപ്പ് അടിയാനുള്ള പ്രധാന കാരണം. ദിവസവും 15 മുതല്‍ 20 മിനുറ്റ് വരെ നടക്കുന്നതാണ് ഇതിനെ ചെറുക്കാന്‍ ഏറ്റവും നല്ലത്- പഠനം ഓര്‍മ്മിപ്പിക്കുന്നു.