ദില്ലി: ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞെത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. രോഗിയുടെ തൊണ്ടയില്‍ നിന്നും കണ്ടെത്തിയത് ഒരു സെഫ്റ്റിപിന്‍. തുടര്‍ന്നും രോഗിയുടെ പെരുമാറ്റം അത്ര തൃപ്തിയായി തോന്നിയില്ല, അതിനാല്‍ എക്‌സ്‌റേ ചെയ്ത ഡോക്ടര്‍ വീണ്ടും ഞെട്ടി. ദേഹത്ത് പലയിടത്തായി കുത്തിയിറക്കിയിരിക്കുന്നത് 150 ഓളം സൂചികള്‍. കോട്ട സ്വദേശിയായ ബദ്രി ലാല്‍ എന്ന 56 കാരനാണ് ഡോക്ടറെ ഞെട്ടിച്ചത് റെയില്‍വേയിലെ ജീവനക്കാരാനാണിയാള്‍.
സേഫ്ടി പിന്‍ മുതല്‍ തൊലിക്കടിയില്‍ ഇന്‍ജക്ഷന്‍ നല്‍കുന്നതിനുള്ള സൂചി വരെയാണ് ദേഹത്ത് കുത്തിയിറക്കിയിരിക്കുന്നത്. ശ്വാസനാളം, അന്നനാളം, വോക്കല്‍ കോഡ് എന്തിനേറെ സുപ്രധാന രക്ത വാഹിനി കുഴലുകളില്‍ വരെ സൂചി തറച്ചനിലയിലാണ്. ഇയാളെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാല്‍ 92 സൂചികള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ചില സൂചികള്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ജീവന് ഭീഷണിയുള്ളവ മാത്രമാണ് നീക്കിയതെന്നും ഡോക്ടര്‍ പറയുന്നു.
എന്നാല്‍ ഏറ്റവും രസകരമായ കാര്യം എന്താണെന്നാല്‍ ഈ സൂചികള്‍ എങ്ങനെ ശരീരത്തില്‍ കയറിയെന്നത് ബദ്രിലാലിനോ അയാളുടെ വീട്ടുകാര്‍ക്കോ അറിയില്ല. ഒരുപക്ഷേ ഇയാള്‍ കടുത്ത മനോരോഗ പ്രശ്‌നമുള്ള ആളായിരിക്കാമെന്നും സൂചികള്‍ സ്വയം ശരീരത്തില്‍ കടത്തിയതായിരിക്കാമെന്നും ഡോക്ടര്‍ പറയുന്നു.
കടുത്ത പ്രമേഹരോഗിയും ആന്തരികമായി മുറിവുകളും ഉള്ളതിനാല്‍ പല ആശുപത്രികളും ഇയാളെ ചികിത്സിക്കാന്‍ തയ്യാറായില്ല. കഴുത്തില്‍ തറച്ച സൂചി മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്ന ഇയാളുടെ തൂക്കം മൂന്നു മാസം കൊണ്ട് 30 കിലോയായി താഴ്ന്നിരുന്നു. മൂന്നു മാസത്തിനു ശേഷം ഭക്ഷണം ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബദ്രിലാല്‍ ഇപ്പോള്‍.
