ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും മദ്യപാനം ഒരേ പോലെയാണ് ബാധിക്കുന്നത്. മുതിര്‍ന്നവരില്‍ രോഗം ബാധിക്കാനോ ജീവഹാനി സംഭവിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണെന്ന് മാത്രം

വാഷിംങ്ടണ്‍: താന്‍ സ്ഥിരം മദ്യം കഴിക്കാറില്ല ഇടയ്ക്ക് ഒരു പെഗ് എന്ന് പറയുന്ന മദ്യപാന ശീലം ഉള്ളവര്‍ ഏറെയാണ്. എന്നാല്‍ അങ്ങനെ കഴിച്ചാലും മദ്യം അപകടം തന്നെയാണ് എന്നാണ് പുതിയ പഠനം പറയുന്നത്. ചെറിയ അളവിലുള്ള മദ്യം പോലും ഒരു വ്യക്തിയെ അകാല മരണത്തിലേക്കും അര്‍ബുദം പോലുള്ള മാരക രോഗങ്ങളിലേക്കും നയിക്കുമെന്നാണ് അമേരിക്കയിലെ വാഷിങ്ടണ്‍ കേന്ദ്രമായുള്ള യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.

ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും മദ്യപാനം ഒരേ പോലെയാണ് ബാധിക്കുന്നത്. മുതിര്‍ന്നവരില്‍ രോഗം ബാധിക്കാനോ ജീവഹാനി സംഭവിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണെന്ന് മാത്രം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയുള്ള മദ്യപാനം, അത് ചെറിയ അളവിലാണെങ്കില്‍ കൂടിയും വലിയ അപകടങ്ങളിലേക്ക് നമ്മളെ എത്തിക്കും എന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

ഒന്നോ രണ്ടോ ഡ്രിങ്കുകള്‍ കഴിക്കുക എന്നത് വലിയ കാര്യമൊന്നുമല്ല എന്നതായിരുന്നു പലരുടേയും ധാരണ. ചെറിയ അളവിലുള്ള മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. പക്ഷേ ചെറിയ തോതിലുള്ള മദ്യപാനം പോലും നിങ്ങളെ ഈ ലോകത്ത് നിന്നു തന്നെ പറഞ്ഞയച്ചേക്കാം.'' പഠനത്തിന് നേതൃത്വം നല്‍കുന്ന സാറാ എം ഹാര്‍ട്‌സ് പറയുന്നു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, ലിവര്‍ സിറോസിസ്, അര്‍ബുദം എന്നിവ സംഭവിക്കുമ്പോള്‍ അവയെല്ലാം പാരമ്പര്യ രോഗങ്ങളാണോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ ആഴ്ചയില്‍ രണ്ടോ അതിലധികമോ ഉള്ള മദ്യപാനമാണ് ഇതിന് കാരണമെന്നും ഹാര്‍ട്‌സ് കൂട്ടിച്ചേര്‍ക്കുന്നു. ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് വൈന്‍ കുടിക്കുന്നതും മദ്യം സേവിക്കുന്നതും ഹൃദയ ധമനികള്‍ക്ക് അത്യുത്തമം എന്നതായിരുന്നു പലരുടേയും ധാരണ. 

പക്ഷേ ദിവസേനയുള്ള മദ്യപാനം കാന്‍സറിലേക്കായിരിക്കും പലരേയും കൊണ്ടു ചെന്നെത്തിക്കുക. ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്ന ഹൃദയാഘാതം, അകാല മരണം എന്നിവയെല്ലാം ഇത്തരത്തിലുള്ള മദ്യാപാനം മൂലമാണ് ഉണ്ടാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.