മുഖത്ത് മുഴുവന്‍ കിടന്ന് കറങ്ങുന്ന ജീവനുള്ള വിര ശരീരത്തെ പതിയെ തകര്‍ക്കാന്‍ മാത്രം കരുത്തുള്ളത്

ആദ്യം തീരെ ചെറിയ ഒരു മുഴ പോലെ തോന്നുക! പിന്നീട് അത് അനങ്ങുന്നുവെന്ന് മനസ്സിലാകുന്നു. മുഖത്തു മുഴുവന്‍ കിടന്നു കറങ്ങുന്ന ഒരു മുഴ. ഇടയ്ക്ക് അത് അനങ്ങുമ്പോള്‍ ചൊറിച്ചിലോ വേദനയോ തോന്നിയേക്കാം. ചിലപ്പോള്‍ പൊള്ളുന്നതു പോലെ ഒരനുഭവം. ജീവനുള്ള ഒരു വിര തൊലിക്കുള്ളില്‍ കിടന്ന് പുളയ്ക്കുന്നത് നമുക്ക് ആലോചിക്കാനാകുമോ? 

കേള്‍ക്കുമ്പോള്‍ പോലും അസ്വസ്ഥത തോന്നുന്ന ഈ അവസ്ഥയിലൂടെ കടന്നുപോയ ഒരാളുണ്ട്.

ആദ്യം കണ്ണിന് താഴെയായി ഒരു ചെറിയ തടിപ്പാണ് കണ്ടത്. പിന്നീടാണ് അത് മുഖം മുഴുവന്‍ കറങ്ങുന്നതായി മനസ്സിലായത്.

32 വയസ്സു മാത്രം പ്രായമുള്ള ഒരു റഷ്യക്കാരി. ആദ്യം കണ്ണിന് താഴെയായി ഒരു ചെറിയ തടിപ്പാണ് കണ്ടത്. പിന്നീടാണ് അത് മുഖം മുഴുവന്‍ കറങ്ങുന്നതായി മനസ്സിലായത്. കണ്ണിനു മുകളിലും കവിളിലും ചുണ്ടിലും വരെ വിര കറങ്ങിയെത്തി. രണ്ടാഴ്ചയിലേറെ ഇതേ അവസ്ഥയുമായി അവര്‍ ജീവിച്ചു. വിശദമായ പരിശോധനയിലാണ് അത് ജീവനുള്ള ഒരു വിരയാണെന്ന് കണ്ടെത്തിയത്. 

ഡൈറോ ഫൈലേറിയ റിപെന്‍സ് എന്ന വില്ലന്‍ വിര നാല്‍ക്കാലി മൃഗങ്ങളെയാണ് കൂടുതലും പിടികൂടാറ്. കൊതുകിനുള്ളില്‍ കടന്നുകൂടുന്ന വിരയുടെ ഭ്രൂണം ഒരു വിത്തുപോലെ കൊതുക് കടിക്കുന്നവരിലേക്ക് പടരുന്നു. പിന്നീട് വളര്‍ന്ന് വിരയാകുന്നതെല്ലാം അവിടെ കിടന്നാണ്. ഒരു പരാദം കൂടിയായ ഇത് നിലനില്‍ക്കുന്ന ശരീരത്തെ പതിയെ പതിയെ തകര്‍ക്കും. സാധാരണയായി മനുഷ്യരിലേക്ക് ഇവ പടരാറില്ലെങ്കിലും റഷ്യയിലും ഉക്രെയിനിലും 1997ന് ശേഷം നിരവധി കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നീണ്ട പരിശോധനകള്‍ക്ക് ശേഷം ശസത്രക്രിയയിലൂടെ വിരയെ യുവതിയുടെ മുഖത്തു നിന്ന് നീക്കി. മോസ്‌കോയില്‍ നിന്നും വളരെ അകലെയൊരു ഗ്രാമത്തില്‍ പോയപ്പോള്‍ ധാരാളം കൊതുക് കടിയേറ്റിരുന്നുവെന്നും അവിടെ നിന്നായിരിക്കാം വിര പകര്‍ന്നതെന്നും യുവതി പറഞ്ഞു. ശാരീരികമായി ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെങ്കിലും മുഖത്ത് ഇടയ്ക്ക് ഇവര്‍ക്ക് വീണ്ടും അസ്വസ്ഥത തോന്നും. കുറച്ചുകാലം വരെ മാനസികമായ ഈ അസ്വസ്ഥത ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. 

എന്തായാലും അപകടകാരിയായ ഈ വിരയെപ്പറ്റി വിശദമായ പഠനമാണ് ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്.