നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള കുറെയധികം ഭക്ഷ്യ വിഭവങ്ങളുണ്ടാകും. അതില്‍ ഒരെണ്ണം മാത്രം തെരഞ്ഞെടുത്ത് ഒരു വര്‍ഷം മുഴുവന്‍ കഴിച്ചാല്‍ എന്തു സംഭവിക്കും? ഇവിടെയിതാ, അത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ആന്‍ഡ്രൂ ടെയ്‌ലര്‍ എന്ന മനുഷ്യന്‍. അദ്ദേഹത്തിന്റെ ഇഷ്‌ട ഭക്ഷണങ്ങളില്‍ ഒന്നായ ഉരുളക്കിഴങ്ങ് ഒരു വര്‍ഷത്തോളം കഴിച്ചു. മറ്റൊന്നും കഴിക്കാതെ ആയിരുന്നു ഈ ഉരുളക്കിഴങ്ങ് തീറ്റി. 2016 ജനുവരി ഒന്നിന് തുടങ്ങിയ ഉരുളക്കിഴങ്ങ് തീറ്റ ഇപ്പോഴും തുടരുന്നു. ഇങ്ങനെ അതുമാത്രം കഴിക്കരുതെന്ന് സുഹൃത്തുക്കളും ഡോക്‌ടറുമൊക്കെ പറഞ്ഞെങ്കിലും ടെയ്‌ലര്‍ അതൊന്നും ചെവിക്കൊണ്ടില്ല. ഉരുളക്കിഴങ്ങ് തീറ്റിയെക്കുറിച്ച് ടെയ്‌ലര്‍ തന്നെ പറയുന്നതുകേള്‍ക്കു, ആദ്യത്തെ കുറച്ച് ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഓരോ ദിവസവും 3-4 കിലോ ഉരുളക്കിഴങ്ങാണ് കഴിച്ച് തുടങ്ങിയത്. എന്നാല്‍ പിന്നീട് തന്റെ ആരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങി. അമിതവണ്ണവും ഭാരവും കുറയാന്‍ തുടങ്ങി. അമിതവണ്ണം കാരണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പതുക്കെ ഇവയെല്ലാം നിയന്ത്രണവിധേയമാകാന്‍ തുടങ്ങി. ഓരോ തവണ രക്തപരിശോധന നടത്തുമ്പോഴും, മെച്ചപ്പെട്ട ഫലമാണ് ലഭിച്ചത്. ഉരുളക്കിഴങ്ങ് കഴിക്കാന്‍ തുടങ്ങി ഇത്രയും സമയത്തിനുള്ളില്‍ 50 കിലോ ഭാരം കുറയ്‌ക്കാനായതാണ് വലിയ നേട്ടമെന്നും ടെയ്‌ലര്‍ സാക്ഷ്യപ്പെടുത്തുന്നു. നന്നായി ഉറങ്ങാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിച്ചതായും ഇദ്ദേഹം പറയുന്നു.