ചെന്നൈയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ ജയ്‌സുക്‌ഭായി എന്നയാളാണ്, വൈദ്യശാസ്‌ത്രത്തെ വിസ്‌മയിപ്പിച്ചുകൊണ്ട് ശക്തമായ ഹൃദയാഘാതത്തെ അതിജീവിച്ചത്. ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഡോക്‌ടര്‍മാരുടെ കഠിന പരിശ്രമത്തിലൂടെ മരണക്കയത്തിലേക്ക് മുങ്ങിയ ഒരു 37കാരന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

രണ്ടുമാസം മുമ്പാണ് ഹൃദയസ്‌പന്ദനം നിലച്ച അവസ്ഥയിലും രക്തസമ്മര്‍ദ്ദം വല്ലാതെ കുറഞ്ഞ നിലയിലും ജയ്‌സുക്‌ഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് ജയ്‌സുക്‌ഭായിക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടായത്.

ജയ്‌സുക്‌ഭായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് വിസ്‌മയകരമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ ചീഫ് കാര്‍ഡിയാക് അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡോ. സുരേഷ് റാവു പറഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. ആ സമയത്ത് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ ആയതുകൊണ്ടുമാത്രമാണ് ജയ്‌സുക്‌ഭായി രക്ഷപ്പെട്ടതെന്നും ഡോ. സുരേഷ് റാവു പറഞ്ഞു.