സൂറിച്ച്: മാതാപിതാക്കൾ തെരഞ്ഞെടുത്ത വരനെ തന്നെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിച്ച കുറ്റത്തിന് സ്വിറ്റസർലണ്ടിൽ ആദ്യമായി മാതാപിതാക്കൾക്ക് ശിക്ഷ. തുർഗാവ് പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത പരാതികളിൽ, രണ്ടു വീതം മാതാപിതാക്കളാണ് ശിക്ഷിക്കപ്പെട്ടത്. സ്വിസ്സ് നിയമപ്രകാരം ശിക്ഷിക്കപെട്ടവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് തടസ്സമുള്ളതുകൊണ്ട് ശ്രീലങ്കൻ സ്വദേശികളായ നാലുപേർക്കാണ് ശിക്ഷ വിധിച്ചതെന്ന് മാത്രം തുർഗാവ് പ്രോസികുഷൻ വ്യക്തമാക്കി.

ശ്രീലങ്കക്കാരായ മാതാപിതാക്കൾ സ്വിറ്റസർലന്റിലുള്ള അവരുടെ നാട്ടുകാർ തന്നെയായ യുവാക്കളെ വരന്മാരായി കണ്ടുപിടിച്ചത് മകൾ എതിർത്തിട്ടും, സമ്മതമില്ലാതെ വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് യുവതികൾ അധികൃതരെ സമീപിച്ചത്. മാതാപിതാക്കളുടെ ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് മക്കളെ നിർബന്ധിക്കുന്നത് 2013 ജൂലൈ മുതൽ സ്വിറ്റസർലണ്ടിൽ ശിക്ഷാർഹമാണ്. 

പിഴ, തടവ്, കൂടാതെ അഞ്ചു വർഷം വരെയുള്ള നല്ല നടപ്പ് ശിക്ഷ, വിദേശിയാണെങ്കിൽ നാടുകടത്തൽ എന്നീ ശിക്ഷകളാണ് നിയമത്തിൽ പറയുന്നത്.എന്നാൽ ഒരു കേസിൽ 90 ഉം മറ്റൊരു കേസിൽ 120 ഉം ദിവസ്സം ജയിലിൽ കിടക്കുന്നതിന് തുല്യമായ പിഴ മാത്രമാണ് മാതാപിതാക്കൾക്ക് വിധിച്ചതെന്ന് തുർഗാവ് പ്രോസികുഷൻ വെളിപ്പെടുത്തി. ഒട്ടാകെ നാല് കേസ്സുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടതിൽ രണ്ടെണ്ണത്തിലാണ് ശിക്ഷ വിധിച്ചത്. രണ്ട്‌ കേസുകളുടെ വിചാരണ നടക്കുന്നു.