പോത്തന്‍കോട് സ്വദേശിയായ ലക്ഷ്മി, ത്വക് രോഗത്തിന് സിദ്ധ വൈദ്യത്തില്‍ മരുന്നുണ്ടന്ന പരസ്യം കണ്ടാണ് തിരുവനന്തപുരത്തെ ദേവ വിദ്യ എന്ന സിദ്ധ ആശുപത്രിയെ സമീപിച്ചത്. മരുന്നു നല്‍കി. ഒരു മാസം കഴിച്ചിട്ടും രോഗം കുടിയതല്ലാതെ അല്‍പം പോലും കുറഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ രണ്ട് കാലും തളര്‍ന്നു. വാദമാണെന്നും വേറെ മരുന്ന് തരാമെന്നും പറഞ്ഞ് മരുന്ന് മാറ്റിക്കൊടുത്തു. പിന്നീട് കൈയ്യും തളര്‍ന്നു. വിദഗ്ദ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിലെ 80 ശതമാനം നാഡികളും തളര്‍ന്നുവെന്നാണ് കണ്ടെത്തിയത്. 

ലക്ഷ്മിക്ക് സിദ്ധ വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ ശാസത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. ലഭിച്ച ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. ലെഡും മെര്‍ക്കുറിയും വളരെ കൂടിയതോതിലാണ് ഈ മരുന്നുകളില്‍ അടങ്ങിയിരിക്കുന്നത്. ഈ ഡോക്ടറെ ഞങ്ങളും സമീപിച്ചു. എന്ത് രോഗത്തിനും ചികില്‍സിക്കാന്‍ അദ്ദേഹം തയാറാണ്. ലക്ഷ്മിക്ക് നല്‍കിയ അതേ മരുന്നുകള്‍ തന്നെ ഞങ്ങള്‍ക്കും നല്‍കി. ഈ മരുന്നുകളിലാണ് ലെഡും മര്‍ക്കുറിയും വളരെ കൂടുതലടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത് . 

തുടര്‍ന്ന് ഡോക്ടറുടെ ചികില്‍സ യോഗ്യതകളെക്കുറിച്ചന്വേഷിച്ചപ്പോള്‍ താന്‍ ഒരു സിദ്ധ കുടുംബത്തിലെ അംഗമാണെന്നും സിദ്ധമെഡിസിന്‍ കോഴ്സ് കഴിഞ്ഞയാളാണെന്നും അദ്ദേഹം മറുപടി നല്‍കി. പുറത്ത് നിന്നുള്ള മരുന്നുകളും സ്വന്തമായി തയ്യാറാക്കുന്ന മരുന്നുകളും രോഗികള്‍ക്ക് നല്‍കാറുണ്ടെന്നും പറഞ്ഞു. ലെഡും മെര്‍ക്കുറിയുമടങ്ങിയ ഇത്തരം മരുന്നുകള്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിദഗ്ദര്‍ പറയുന്നു. ചിലപ്പോള്‍ മരണത്തിലേക്കുവരെ കാര്യങ്ങളെത്താമെന്നാണ് പ്രമുഖ നെഫ്രോളജിസ്റ്റായ ഡോ.കാശി വിശ്വേശ്വരന്‍ പറഞ്ഞത്. സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ യോഗ്യതകളില്ലാതെയാണ് പല സിദ്ധ ആയുര്‍വേദ ചികില്‍സാശാലകളുടേയം പ്രവര്‍ത്തനം. ഇവരുടെ മരുന്നുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകുന്നുമില്ല.