പ്രഭാതഭക്ഷണം പോലെ തന്നെ പ്രധാനമാണ് അത്താഴവും ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക

പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ പോലും പലപ്പോഴും അത്താഴത്തിന് അര്‍ഹിക്കുന്ന ശ്രദ്ധ കൊടുക്കാറില്ല. ദിവസത്തിന്റെ തുടക്കത്തിലെ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ദിവസത്തിന്റെ അവസാനത്തിലെ ഭക്ഷണവും. എത്ര ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാള്‍ ഒരുപക്ഷേ എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

വൈകീട്ട് ഏഴ് മണിയോടെ അത്താഴം കഴിക്കുന്നത് ഒരു പഴയകാല രീതിയായിരുന്നു. എന്നാല്‍ ആ രീതിക്ക് ചില ഗുണങ്ങളുണ്ടായിരുന്നു. എന്തെല്ലാമാണതെന്ന് നോക്കാം. 

വണ്ണം കുറയ്ക്കാം

ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതുകൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാമെന്നതാണ് ആദ്യഗുണം. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് അത്താഴം ഏഴ് മണിക്കാക്കാവുന്നതാണ്. നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ രാത്രി മുഴുവന്‍ നീണ്ട സമയത്തേക്ക് ശരീരത്തിന് മറ്റു ദഹനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ട. വളരെ സാവധാനത്തില്‍ നേരത്തേ കഴിച്ച ഭക്ഷണം ദഹിപ്പിച്ചാല്‍ മാത്രം മതി. 

ഇതോടെ നമുക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശരീരം കയ്യിലുള്ള കൊഴുപ്പ് ചെലവഴിക്കും. അനാവശ്യമായ കൊഴുപ്പ് ശരീരത്തില്‍ നിലനില്‍ക്കാതാകും.

സ്വസ്ഥമായ ഉറക്കം

നീണ്ട, സ്വസ്ഥമായ ഉറക്കമാണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യം. പലപ്പോഴും ഇത് മുടങ്ങുന്നത് നമ്മുടെ അത്താഴത്തിലെ അപാകതകള്‍ മൂലമാണ്. അതായത്, ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുന്നു. ഇതിനാല്‍ ഉറക്കവും തടസ്സപ്പെടുന്നു. കിടന്ന നിലയില്‍ ശരീരത്തിലെ ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുകയുമില്ല. 

അതേസമയം നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് സമാധാനത്തോടെ അത് ദഹിപ്പിക്കാനുള്ള സമയം കിട്ടുന്നു. സ്വസ്ഥമായ ഉറക്കവും ഉറപ്പ്. 

വിവിധ അസുഖങ്ങളുള്ളവര്‍ക്കും നല്ലത്...

പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗം, പി.സി.ഒഡി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും രാത്രിയില്‍ നേരത്തേ അത്താഴം കഴിക്കണം. സോഡിയത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണമാണ് സാധാരണയായി നമ്മള്‍ കഴിക്കാറ്. ഇവ രാത്രിയില്‍ വൈകി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്ന് മാത്രമല്ല, രക്തസമ്മര്‍ദ്ദം കൂടാനും ഇത് ഇടയാക്കും. 

ഏറ്റവും കുറഞ്ഞ പക്ഷം ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിട്ടെങ്കിലും അത്താഴം പൂര്‍ത്തിയാക്കണമെന്നാണ് ഡയറ്റ് സ്‌പെഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്. ശരീരത്തിന്റെ ബയോസൈക്കിളിനും ഇതുതന്നെയാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്.