കസവുസാരിക്ക് കസവ് ബ്ലൗസ് തന്നെ ഉപയോഗിക്കുന്ന പരമ്പരാഗത കാഴ്ചപ്പാട് മാറി. പലനിറങ്ങളിലും മോഡലുകളിലുമുള്ള 'മിസ് മാച്ച്' ബ്ലൗസിന് തന്നെയാണ് ഇപ്പോഴും പ്രിയം
കസവുസാരിയുടെ കൂടെ കസവ് ബ്ലൗസോ, ഏതെങ്കിലും നിറത്തില്‍ കസവുകര വച്ച ബ്ലൗസോ ഒക്കെ എല്ലാക്കാലവും ഉപയോഗിക്കാറുണ്ടെങ്കിലും ഓരോ ഓണക്കാലത്തും ഒരു പുതിയ ട്രെന്‍ഡ് വരുന്നത് പതിവാണ്. കേരള കസവുസാരിയുടെ കൂടെ മിസ്മാച്ച്, അല്ലെങ്കില്‍ കലംകാരി ബ്ലൗസുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായിത്തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷത്തിലധികമായി. എങ്കിലും ഇക്കുറിയും ഇവര്‍ വിപണി വിടാന്‍ ഒരുക്കമില്ലെന്നാണ് സൂചന.

സാരി ഇളം നിറമായതുകൊണ്ടു തന്നെ കടും നിറങ്ങളില്‍ വര്‍ക്കുള്ള ബ്ലൗസുകള്‍ക്ക് തന്നെയാണ് ഇപ്പോഴും പ്രിയം. ചുവപ്പ്, പച്ച, നീല തുടങ്ങിയ നിറങ്ങളുടെ ഷെയ്ഡുകളില്‍ സ്വര്‍ണ്ണനിറത്തില്‍ വര്‍ക്കുകള്‍ വരുന്നവയ്ക്കാണ് ഇക്കൂട്ടത്തില്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ്. എന്നാല്‍ ബ്ലൗസുകളുടെ മോഡലുകളില്‍ പുതിയ പരീക്ഷണങ്ങളേറെയാണ് നടക്കുന്നത്. കഴുത്തിലും കൈകളിലുമാണ് ഏറ്റവുമധികം പുതുമകള്‍ പരീക്ഷിക്കുന്നത്. വൈഡ് നെക്ക്, ഹൈ നെക്ക്, കോളര്‍ നെക്ക് തുടങ്ങി കഴുത്തില്‍ പയറ്റാത്ത നമ്പറുകളില്ല. കൈകള്‍ പണ്ടത്തേതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി നീട്ടി തയ്ക്കുന്നത് തന്നെയാണ് ഇപ്പോഴും ട്രെന്‍ഡ്.

കലംകാരിയും വിപണിയില്‍ ഒട്ടും തളരാതെ മുന്നേറുകയാണ്. പരുത്ത കോട്ടണ്‍ തുണിയില്‍ പ്രിന്റുകളോ, പൂക്കളോ മാത്രമല്ല, നിരവധി പുതിയ തീമുകളാണ് കലംകാരിയില്‍ പരീക്ഷിക്കപ്പെടുന്നത്. കോട്ടണ്‍ കസവുസാരിയിലേക്ക് ഏറ്റവുമധികം സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നതും കലംകാരി ബ്ലൗസ് തന്നെയാണ്. റെഡിമെയ്ഡ് ബ്ലൗസുകള്‍ ഒരു പ്രത്യേക സമയത്തേക്ക് ട്രെന്‍ഡായെങ്കിലും മെറ്റീരിയില്‍ മുറിച്ചെടുത്ത് ഡിസൈന്‍ ചെയ്ത് തയ്ക്കാന്‍ തന്നെയാണ് മിക്കവര്‍ക്കും ഇഷ്ടം.

കലംകാരിയിലും മോഡല്‍ പരീക്ഷണങ്ങള്‍ ഏറെയാണ്. കലംകാരിയിലും നെക്കില്‍ തന്നെയാണ് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്നത്. കോളര്‍- ഹൈ നെക്ക് മോഡലുകളെ ലഘൂകരിച്ച് സ്വന്തം സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്ത നെക്കുകളാണ് പുതിയ കലംകാരി ട്രെന്‍ഡ്.
