വാര്‍സോ: പോളണ്ടിലെ വാര്‍സോയില്‍ ഒരു ലോക സൗന്ദര്യ മത്സരം നടന്നു. മത്സരം ശ്രദ്ധിക്കപ്പെടാന്‍ കാരണം അതില്‍ പങ്കെടുത്തവര്‍ തന്നെ. വീല്‍ചെയറില്‍ ജീവിതം ചിലവിടുന്ന യുവതികള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമായിരുന്നു വാര്‍സോയില്‍ നടന്നത്. ലോകത്തിലെ പല ഭാഗത്ത് നിന്നായി 24 യുവതികള്‍ മത്സരിക്കാന്‍ എത്തി. ബെലാരസില്‍ നിന്നുള്ള അലക്സാന്‍ഡ്ര ചിച്ചികോവ യാണ് വിജയി. ലെബോഹാങ്ങ് മൊന്‍യാറ്റ്സി രണ്ടാം സ്ഥാനത്ത് എത്തി. പോളണ്ട് കാരിയായ അഡ്രിയാന മൂന്നാം സ്ഥാനത്തും എത്തി.

ദ ഒണ്‍ലി വണ്‍ ഫൌണ്ടേഷനാണ് ഈ പുതിയ സൗന്ദര്യ മത്സരത്തിന് പിന്നില്‍. ഭിന്നശേഷിക്കാരായ യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ രണ്ടു യുവതികളാണ് സംഘടനയുടെ പിന്നിലും. വീല്‍ച്ചെയറില്‍ ജീവിക്കുന്ന യുവതികള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍ അവകാശമുണ്ടെന്ന് വിളിച്ച് പറയുകയാണ് സൗന്ദര്യ മത്സരത്തിലൂടെ ദ ഒണ്‍ലി വണ്‍ ഫൗണ്ടേഷന്‍.