ഓസ്റ്റിന്‍: ടെക്‌സസിലാണ് മകന്‍റെ കുഞ്ഞിനെ പ്രസവിച്ച അമ്മയും, തന്‍റെ കുഞ്ഞ് ഉണ്ടാകാന്‍ കാത്തിരുന്ന മകന്‍റെയും, മരുമകളുടെയും സംഭവം അരങ്ങേറിയത്. പാറ്റി എന്ന അമ്മൂമ്മയാണ് മകന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. മകന്‍ കോഡിയ്ക്കും ഇരുപത്തിയൊമ്പതുകാരിയായ കെയ്‌ല ജോണിനും കുട്ടികളില്ലായിരുന്നു. പതിനേഴാം വയസില്‍ ഭാഗികമായി കെയ്‌ലയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നതിനാല്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ കൈക്കൊള്ളാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വാടക ഗര്‍ഭപാത്രത്തെക്കുറിച്ച ദമ്പതികള്‍ ആലോചിച്ച് തുടങ്ങിയത്. 

പുറത്തു നിന്ന് ഒരാളെ വാടക ഗര്‍ഭപാത്രത്തിനായി സമീപിക്കാമെന്ന ചര്‍ച്ചയിലാണ് നിങ്ങളുടെ കുഞ്ഞിനെ ഞാന്‍ സ്വീകരിക്കാമെന്ന് അമ്മ പാറ്റി തമാശ പറഞ്ഞത്. ഇതോടെ മകന്റെ മനസും ആ വഴിക്ക് തന്നെ നീങ്ങുകയായിരുന്നു. അമ്മയുള്ളപ്പോള്‍ തന്‍റെ കുഞ്ഞിന് വേറൊരു അമ്മ വേണ്ട എന്ന ചിന്ത ഉറച്ചതോടെ അമ്മ ആ ദൗത്യം ഉദരത്തില്‍ സ്വീകരിച്ചു.

കെയ്‌ലയുടെ അണ്ഡവും, കോഡിയുടെ ബീജവും പാറ്റിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ആദ്യ ശ്രമം പരാജയമായെങ്കിലും 2017 മേയ് മാസത്തില്‍ പാറ്റി ഗര്‍ഭിണിയായി. തുടര്‍ന്ന് നിറവയറുമായി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം മകനും മരുമകളും ചേര്‍ന്ന് പ്രെഗ്നന്‍സി ഫോട്ടോഷൂട്ടും നടത്തി. അമ്മയ്ക്ക് പ്രായമായതിന്റെ ബുദ്ധിമുട്ടുകള്‍ ഗര്‍ഭധാരണത്തിനിടെ ഉണ്ടായിരുന്നുവെങ്കിലും പേരക്കുഞ്ഞിനെ കണ്‍നിറയെ കണ്ടതോടെ അതു മറന്നുവെന്ന് കെയ്‌ല പറയുന്നു. സീസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.