ഇന്ത്യന്‍ വസ്ത്രങ്ങളുടെ ഭംഗിയെന്ന് വേറെതന്നെ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഫാഷന്‍ നവോമി കാംബെല്ലിന് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ സാരിയും ലെഹങ്കയുമാണ് ഈ സൂപ്പര്‍ മോഡലിന്‍റെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങള്‍. ഇന്ത്യ സന്ദര്‍ശിക്കുമ്പോഴെല്ലാം ഇന്ത്യയുടെ സ്വന്തമായ വസ്ത്രങ്ങളില്‍ അണിഞ്ഞൊരുങ്ങാനാണ് നവോമിക്ക് താല്‍പര്യം.
ഇത്തവണ ഒരു സമ്മേളനത്തിനായി ദില്ലിയിലെത്തിയ നവോമി പതിവ് തെറ്റിച്ചില്ല. ഏറ്റവും മനോഹരമായ ഇന്ത്യന്‍ ഡിസൈനര്‍ വസ്ത്രം ലഭിക്കുന്നതിന് വേണ്ടി മനീഷ് മല്‍ഹോത്രയെയാണ് നവോമി സമീപിച്ചത്. ബോളിവുഡ് സുന്ദരികളെ രാജകുമാരികളാക്കുന്ന മനീഷാകട്ടെ അതിമനോഹരമായ ഒരു ചുവന്ന ലെഹങ്ക ചോളി തന്നെ നവോമിക്കായി രൂപകല്‍പന ചെയ്യുകയും ചെയ്തു.
മനീഷ് ഡിസൈന്‍ ചെയ്ത ചുവന്ന ലെഹങ്കയും വട്ടപൊട്ടുമണിഞ്ഞ് ഇന്ത്യന്‍ സുന്ദരിയായിരിക്കുകയാണ് നവോമി. നിരവധി തവണ സാരിയണിഞ്ഞ് റാമ്പില്‍ ഇവര്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ ഇന്ത്യയില്‍ മടങ്ങിയെത്താനുള്ള ആലോചനയിലാണ് താനെന്ന് ദില്ലിയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ നവോമി പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കായി ഒരു മാസ്റ്റര്‍ക്ലാസ് നല്‍കുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഫാഷനേക്കാള്‍ ഉപരിയാണ് ഇന്ത്യയുമായുള്ള തന്‍റെ ബന്ധമെന്നും നവോമി പറയുന്നു. മുമ്പ് കേരളത്തിലെത്തിയ നവോമി യോഗ അഭ്യസിച്ചിരുന്നു.
