അല്‍ഷിമേഴ്‌സ് എന്ന അസുഖത്തിന്റെ തീവ്രത മലയാളികള്‍ ശരിക്കും അറിഞ്ഞത് ബ്ലെസി സംവിധാനം ചെയ്‌ത തന്മാത്ര എന്ന സിനിമയിലൂടെയാണ്. മറവിരോഗം പിടിപെട്ടാല്‍ പിന്നെ അത് ചികില്‍സിച്ചു ഭേദമാക്കാനാകില്ലെന്നാണ് പൊതുവെ ഡോക്‌ടര്‍മാര്‍ പറയുന്നത്. പക്ഷെ ശരിയായ പരിചരണത്തിലൂടെ രോഗിക്ക് കുറെയൊക്കെ ആശ്വാസമേകാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനായാല്‍ ആധുനിക ചികില്‍സ ഫലപ്രദമാകുമെന്നും വാദമുണ്ട്. അതിനിടെയാണ് രോഗം മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ബയോചിപ്പ് രക്ത പരിശോധന കണ്ടെത്തിയിരിക്കുന്നത്. ഈ പരിശോധനയിലൂടെ മൂന്നു മണിക്കൂറിനകം രോഗം കണ്ടെത്താമെന്നാണ് ഇത് വികസിപ്പിച്ചെടുത്തവരുടെ വാദം. ഡി എന്‍ എ വിശകലനം ചെയ്‌തുകൊണ്ടാണ് അല്‍ഷിമേഴ്‌സ് സാധ്യത കണ്ടെത്തുന്നത്. ലണ്ടനിലെ റാന്‍ഡോക്‌സ് ലാബോറട്ടറീസിലെ ശാസ്‌ത്രജ്ഞ എമ്മ സി ഹാര്‍ട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ രക്തപരിശോധന വികസിപ്പിച്ചെടുത്തത്. മുന്‍കൂട്ടി രോഗം മനസിലാക്കാനായാല്‍, രോഗിക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, ചികില്‍സ തേടാനും സാധിക്കും. കൂടാതെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇത് സഹായിക്കും.