വൈദ്യശാസ്‌ത്രരംഗത്ത് പ്രത്യേകിച്ചും ക്യാന്‍സര്‍ ചികില്‍സയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുന്നു. അനായാസം കൂടുതല്‍ കൃത്യതയോടെ ക്യാന്‍സര്‍ കണ്ടെത്തുന്ന ഉപകരണം സ്പെയിനിലെ തരാഗോണ സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചിരിക്കുന്നത്. രക്തത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാണ് ഈ ഉപകരണം സഹായിക്കുന്നത്. രക്തത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ എണ്ണം തല്‍സമയം കൃത്യമായി അളക്കാന്‍ കഴിയുന്ന ഉപകരണമാണിത്. ഇതിലൂടെ കൂടുതല്‍ കൃത്യവും ഫലപ്രദവുമായ ചികില്‍സ നല്‍കി രോഗിയെ രക്ഷിക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കൃത്യതയ്‌ക്ക് പുറമെ ഏറ്റവും ചെലവ് കുറഞ്ഞതാണ് ഈ സംവിധാനമെന്നതാണ് പാവപ്പെട്ട രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്ന വിവരം. ഇപ്പോള്‍ നിലവിലുള്ള ചില പരിശോധനാരീതികള്‍, രോഗികളില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമ്പോള്‍, രക്തപരിശോധനയ്‌ക്കായി വികസിപ്പിച്ച പുതിയ സംവിധാനത്തില്‍ അത്തരം ആശങ്കകള്‍ക്ക് സ്ഥാനമില്ല. രക്തകോശങ്ങളുടെ ഒഴുക്കിലൂടെ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യവും അളവും നിര്‍ണയിക്കുന്ന പുതിയ ഉപകരണത്തില്‍ ഒരു ലേസര്‍ ഡയോഡും ഫോട്ടോ ഡിറ്റക്‌ടറുമാണുള്ളത്. ഇത് ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെയും അല്ലാത്ത കോശങ്ങളെയും വേര്‍തിരിച്ചെടുത്താണ് രോഗനിര്‍ണയം നടത്തുന്നത്. ഇവയുടെ രണ്ടിന്റെയും അനുപാതം നിര്‍ണയിച്ചാണ് രോഗത്തിന്റെ കാഠിന്യം നിര്‍ണയിക്കുക. ഇത് ഫലപ്രദമായ ചികില്‍സ നല്‍കാന്‍ ഏറെ സഹായകരമാണെന്നാണ് ക്യാന്‍സര്‍ ചികില്‍സാ വിദഗ്ദ്ധര്‍ പറയുന്നത്. പുതിയ കണ്ടെത്തലിനെക്കുറിച്ച് പ്രമുഖ വൈദ്യശാസ്‌ത്ര ജേര്‍ണലായ സയന്റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.