മൂക്കിനകത്തുണ്ടാകുന്ന അണുബാധയാണ് ഏറ്റവും അപകടം പല വഴികളിലൂടെ മൂക്കിനകത്ത് അണുബാധയുണ്ടാകുന്നു
നമ്മള്‍ മുഖത്ത് വച്ചേറ്റവും കരുതല്‍ കുറവ് നല്‍കാറ് മൂക്കിനായിരിക്കും. മുക്കിന് വേണ്ടി പ്രത്യേകിച്ച് എന്ത് പരിപാലനമെന്നായിരിക്കും ചിന്തിക്കുന്നത്. ജീവിതരീതികളോ ഭക്ഷണ ശൈലികളോ മൂക്കിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഒന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ല. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കുന്നവര്‍ പോലും മൂക്കിനെ പരിഗണിക്കാറില്ല.
എന്നാല്‍ മൂക്ക് നമ്മള്‍ കരുതുന്നത് പോലെ അത്ര അപ്രധാനമായ അവയവമല്ല. മൂക്കിനാവശ്യം പരിപാലനമല്ല, മറിച്ച് ശ്രദ്ധയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകും നമ്മുടെ മൂക്ക്. മൂക്കിനകത്തെ അണുബാധയാണ് ഇതിന് പ്രധാന കാരണമാകുക. മുഖത്തെ അപകടകാരിയായ ത്രികോണമാണ് മൂക്കിന്റെ പാലത്തില്‍ നിന്ന് ചുണ്ടിന്റെ കോണുകളിലേക്ക് നീളുന്നയത്രയും ഭാഗം. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനികളും, നാഡികളുമാണ് ഇവിടെയുള്ളത്. അതായത് നേരിയ അണുബാധ പോലും കൈ വിട്ടാല്‍ നേരെ ബാധിക്കുക തലച്ചോറിനെയായിരിക്കും. പല തരത്തിലാണ് മൂക്ക് നമ്മളെ അപകടപ്പെടുത്തുക. എങ്ങനെയെല്ലാമാണ് നിത്യജീവിതത്തില്‍ മൂക്കില്‍ അണുബാധയുണ്ടാവുക? ചില സാധ്യതകള്‍ പരിശോധിക്കാം.
ഒന്ന്...

ഏതെങ്കിലും തരത്തില്‍ മുറിവുകള്‍ സംഭവിക്കുന്നതിലൂടെയുണ്ടാകുന്ന അണുബാധ. വീഴ്ചയിലോ, എവിടെയെങ്കിലും തട്ടിയോ, കൈനഖം കൊണ്ട് പോറുന്ന മുറിവ് പോലും ശ്രദ്ധിക്കണമെന്നര്‍ത്ഥം. ഇവ പഴുപ്പ് കയറാതെ സൂക്ഷിക്കുന്നതിലൂടെ രക്തത്തില്‍ അണുബാധയുണ്ടാകുന്നത് തടയാം.
രണ്ട്...

മൂക്കിനകത്ത് ഉണ്ടാകുന്ന കുരു മുഖത്തുണ്ടാകുന്നതിനെക്കാള്‍ വേദനയുണ്ടാക്കും. ഉള്‍വശത്തെ തൊലി അത്രയും നേര്‍ത്തതായതിനാലാണ് ഇത്രയും വേദന അനുഭവപ്പെടുന്നത്. വളരെ പതിയെ മാത്രമേ ഇത് ചുരുങ്ങി, ഉണങ്ങിപ്പോവുകയുമുള്ളൂ. അസ്വസ്ഥകള്‍ കൂടുതലാകുമ്പോള്‍ ചിലര്‍ മുഖക്കുരു പൊട്ടിച്ചുകളയുന്നത് പോലെ ഇതും പൊട്ടിച്ചുകളയാന്‍ ശ്രമിക്കാറുണ്ട്. വളരെ പെട്ടെന്ന് അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. മൂക്കിനകത്ത് എപ്പോഴും കുരു പൊടിയുന്നത് ഹോര്‍മോണ്‍ വ്യത്യാസങ്ങളില്‍ നിന്നാകാം. ഇത് പരിശോധിച്ച് പരിഹാരം കാണാവുന്നതേയുള്ളൂ.
മൂന്ന്...

മൂക്കിനകത്ത് രോമങ്ങള്‍ തഴച്ചുവളരുന്നത് എല്ലാവര്‍ക്കും ശല്യമാണ്. പ്ലക്കര്‍ ഉപയോഗിച്ച് ഈ രോമങ്ങള്‍ പിഴുതുകളയുന്നതും സാധാരണമാണ്. എന്നാല്‍ ഒരിക്കലും മൂക്കിനകത്തെ രോമങ്ങള്‍ പിഴുതുകളയരുത്. രോമം പിഴുതുകളയുമ്പോള്‍ അവശേഷിക്കുന്ന തീരെ ചെറിയ സുഷിരങ്ങളില്‍ പെട്ടെന്ന് പൊടിയും അഴുക്കും പിടിക്കുകയും മുക്കിനകത്താകെ അണുബാധയുണ്ടാവുകയും ചെയ്യുന്നു. മൂക്കിനകത്തെ രോമങ്ങള്‍ കത്രിക ഉപയോഗിച്ച് സൂക്ഷമമായി വെട്ടിയൊതുക്കുന്നതാണ് ഏറ്റവും നല്ലത്.
നാല്...

മൂക്കുത്തിയോ റിംഗോ ഇടാനായി മൂക്ക് തുളയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക, ശുദ്ധീകരിച്ച സൂചിയോ ഉപകരണമോ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. മുറിവ് ഉണങ്ങാന്‍ പരമ്പരാഗതമായ രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, പഴുപ്പ് കയറാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ വൈകാതെ ഡോക്ടറെ കാണുകയും ആവശ്യമായ മരുന്ന് ഉപയോഗിക്കുകയും വേണം.
ഏത് തരം പരിക്കുകളും മൂക്കിനെ വളരെ എളുപ്പത്തില്‍ ബാധിക്കും. കണ്ടിട്ടില്ലേ, മറിഞ്ഞുവീഴുമ്പോഴെല്ലാം ആദ്യം ചോര വരുന്നത് മൂക്കിനകത്ത് നിന്നായിരിക്കും. അതിനാല്‍ തന്നെ മൂക്കിന് അല്‍പം കരുതല്‍ കൂടി നല്‍കാന്‍ ഇനി പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
