അനാരോഗ്യകരമായ ഭക്ഷണ രീതി കാരണം കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച പ്രശ്നങ്ങള്‍ സമീപകാലത്തായി വല്ലാതെ വര്‍ദ്ധിച്ചുവരികയാണ്. കുട്ടികളല്ലേ... വളരുമ്പോള്‍ ശരിയായിക്കൊള്ളും എന്നു കരുതി ഇത് നിസ്സാരമാക്കല്ലേ. ചെറുപ്പത്തില്‍ അമിതമായ പൊണ്ണത്തടിയുള്ളവര്‍ക്ക് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഹൃദയ-മസ്തിഷ്ക ആഘാതങ്ങള്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ പിടിപെടാനും അതുവഴി അകാല മരണത്തിലേക്ക് നയിക്കപ്പെടാനും ഏറെ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 1967 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 17 വയസ്സുകാരായ 2.3 മില്ല്യന്‍ കുട്ടികളുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ശരീരത്തിന്റെ ഉയരം, വണ്ണം എന്നിവ അടിസ്ഥാനമാക്കി കണക്കാക്കുന്ന ബോഡി മാസ് ഇന്‍ഡക്‌സുമായി ഹൃദയാഘാതമടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള ബന്ധമാണ് ഗവേഷകര്‍ കണ്ടെത്തിയത്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികളിലും അമിതമായ ശരീരവണ്ണം പ്രശ്നങ്ങള്‍ക്ക് തുടക്കമിടും.
കൌമാര പ്രായത്തിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്കാണ് ഗവേഷകര്‍ കാരണമന്വേഷിച്ചത്. ആകെ പരിശോധിച്ച 32,127 കുട്ടികളുടെ മരണങ്ങളില്‍ 2918 എണ്ണം (9.1 ശതമാനം) ഹൃദയ സംബന്ധിയായ രോഗങ്ങള്‍ കാരണവും 528 എണ്ണം മസ്തിഷ്കാഘാതവും കാരണമായിരുന്നു. ഇത്തരം രോഗങ്ങളിലൂടെ മരിച്ചവരില്‍ ഭൂരിഭാഗവും അമിത വണ്ണമുള്ളവരായിരുന്നു. ബോഡി മാസ് ഇന്‍ഡക്‌സില്‍ 75 മുതല്‍ 84 ശതമാനം വരെ വര്‍ദ്ധനവുണ്ടായിരുന്നു മിക്ക കുട്ടികള്‍ക്കും. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണ ശീലം പരിചയപ്പെടുത്തണമെന്നും പ്രായമാകുന്നത് വരെ എന്തും കഴിക്കാമെന്നുമുള്ള ധാരണ തെറ്റാണെന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു.
