അഡിലെയ്ഡ്: വീട്ടുവാടകയ്ക്ക് പകരം സെക്സോ? മുഖം ചുളിക്കുന്നവര്‍ ഒന്നറിയുക, ഇവിടെ ഇത് നിയമാനുസൃതമാണ്. ദക്ഷിണ ഓസ്ട്രേലിയയിലെ വലിയ നഗരങ്ങളിലൊന്നായ അഡിലെയ്ഡിലാണ് വാടകയ്ക്ക് പകരം സെക്സ് നല്‍കാം എന്ന് അറിയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. അമിത വാടകയും വാടകയ്ക്ക് വീട് ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടും മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന രീതിയിലാണ്  ഇത്തരം പരസ്യങ്ങള്‍ വ്യാപകമാകുന്നത്.

ലൈംഗിക തൊഴില്‍ നിയമപരമാക്കണമെന്ന് അനുശാസിക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ദക്ഷിണ ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ തുടരുമ്പോഴാണ് വാടക നല്‍കുന്നതിന് പകരം സെക്സ് മതിയെന്ന രീതി പിന്തുടരുന്നത്. എന്നാല്‍ അഡിലെയ്ഡില്‍ ഇത് നിയമപരമാണ് എന്നതാണ് മറ്റൊരു വസ്തുത. വാടകയ്ക്ക്  പകരം സ്ത്രീയായാലും പുരുഷനായാലും ഒരു രാത്രിയിലേക്ക് മാത്രമോ തുടര്‍ച്ചയായോ സെക്സ് നല്‍കിയാല്‍ മതി. 

താങ്ങാനാവാത്ത വാടകയാണ് അഡിലെയ്ഡിലും ദക്ഷിണ ഓസ്ട്രേലിയയിലും നിലവിലുള്ളതെന്നും അതിനാല്‍ തന്നെ നിരാശരായ ജനങ്ങള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നതില്‍ അത്ഭുതമില്ലെന്നും ദക്ഷിണ ഓസ്ട്രേലിയയില്‍ വീടുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന ഷെല്‍റ്റര്‍ എസ്എ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആലീസ് ക്ലാര്‍ക്ക് പറയുന്നു. മറ്റൊരാളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നതും പണത്തിന് പകരം ശരീരം ആവശ്യപ്പെടുന്നതും തീര്‍ച്ചയായും ചൂഷണമാണെന്നും ഹീനമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വാടക നല്‍കുന്നതിന് പകരം സെക്സ് എന്ന രീതി വേശ്യാവൃത്തിയുടെ ഗണത്തില്‍പ്പെടുത്താനാവില്ലെന്നും നിയമാനുസൃതമാണെന്നും ദക്ഷിണ ഓസ്ട്രേലിയന്‍ പൊലീസ് വിഭാഗം വക്താവ് പറഞ്ഞതായി പ്രമുഖ ഓസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലൈംഗിക തൊഴില്‍ നിയമാനുസൃതമാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിലെ അപ്പര്‍ ഹൗസ് അംഗീകരിച്ചിരുന്നു. ഇനി ലോവര്‍ ഹൗസിന്‍റെ കൂടി അനുവാദമുണ്ടെങ്കില്‍ മാത്രമെ ബില്‍ പാസ്സാകുകയുള്ളൂ.