മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. പപ്പായ കഴിക്കാന്‍ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുഖത്തിന്‍റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

1. പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.

2. കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും

3. സോഡിയത്തിന്‍റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും. 

4. മുടി കൊഴിച്ചില്‍ തടയാനും പപ്പായ നല്ലതാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.

5. താരന്‍ പോകാന്‍ പപ്പായ മാസ്‌ക് നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ടത്തൈരും യോജിപ്പിച്ച് പപ്പായമാസ്‌ക് തയ്യാറാക്കാം. ഇത് നനഞ്ഞ മുടിയില്‍ അരമണിക്കൂര്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകി കളയുക.

6. കണ്ണിന്‍റെ ആരോഗ്യത്തിനും പപ്പായ സഹായകരമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന കരോട്ടിന്‍റെ സാന്നിദ്ധ്യമാണ് ഇതിന് സഹായിക്കുന്നത്.