പോഷകങ്ങളുടെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ഒരുപോലെ മുന്നിട്ടുനില്‍ക്കുന്ന ഒരു പഴമാണ് പപ്പായ. ഒരു നേരത്തെ പ്രധാന ഭക്ഷണമായി പോലും വിശ്വസിച്ചുകഴിക്കാന്‍ പാകത്തില്‍, അത്രയും ശരീരത്തിന് ഫലപ്രദമായ ഒന്ന്. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലുമെല്ലാം വിറ്റാമിനുകളാലും സമ്പന്നമാണ് പപ്പായ. 

പപ്പായക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ ആക്കപ്പെടുത്താനാവശ്യമായ ഘടകങ്ങളാണ് ഇതിനെ മറ്റ് ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പപ്പായയുടെ ചില ആരോഗ്യഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഒന്ന്...

ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥിരമായി കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. ദഹനവുമായി ബന്ധപ്പെട്ട ആന്തരീക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 'എന്‍സൈമുകള്‍' പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മലബന്ധമുള്ളവര്‍ക്കും പപ്പായ നല്ലരീതിയില്‍ ഗുണം ചെയ്യും. അള്‍സറിനെതിരെ പോരാടാനും പപ്പായയ്ക്കാവും. 

രണ്ട്...

ശരീരവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രധാനമായി ഡയറ്റിംഗില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. കുറഞ്ഞ കലോറിയും അതേസമയം ഫൈബറുകള്‍ കൊണ്ട് സമ്പുഷ്ടവുമാണ് പപ്പായ. വിശപ്പിനെ ഒരു പരിധി വരെ പിടിച്ചുകെട്ടാനുള്ള കഴിവും പപ്പായയ്ക്കുണ്ട്. 

മൂന്ന്...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പപ്പായ കഴിക്കുന്നത് ഏറെ സഹായകമാണ്. വിറ്റാമിന്‍- സി, എ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ അണുബാധകളെ നേരിടാനും പപ്പായയ്ക്ക് പ്രത്യേക കഴിവുണ്ട്.

നാല്...

ക്യാന്‍സറിനെ തടയാനും ഒരു പരിധി വരെ പപ്പായയ്ക്കാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മലാശയം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി -എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ തടയാനാണ് പപ്പായയ്ക്ക് ശേഷിയുള്ളത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും ഫൈറ്റോന്യൂട്രിയന്റുകളുമാണ് ഇതിന് സഹായിക്കുന്നത്. 

അഞ്ച്...

തൊലിയുടെ ആരോഗ്യത്തിനും പപ്പായ ഏറെ ഗുണം ചെയ്യും. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പകരം തൊലിയ്ക്ക് തെളിച്ചം കൂട്ടാനും ഭംഗിയാക്കാനും പപ്പായ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖക്കുരുവും മറ്റ് പാടുകളുമുള്ളവര്‍ക്ക് ഇത് വളരെയധികം ഫലപ്രദമായിരിക്കും.