ബംഗളൂരു: മസ്തിഷ്കത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്‍റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. വൈറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുപത്തിയഞ്ച് വയസുകാരനായ ചിക്കമംഗലൂര്‍ സ്വദേശിയായ മഞ്ജുനാഥിന്‍റെ തലയോട്ടിയുടെ വലതുഭാഗമാണ് നഷ്ടമായത്.
മഞ്ജുനാഥിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇപ്പോള്‍ തല ചെറുതായി ചൊറിയുന്നതുപോലും തച്ചോറിന് ക്ഷതമുണ്ടാക്കുമെന്ന് മഞ്ജുനാഥ് പറഞ്ഞു.
ഐ.പി.സി സെക്ഷന്‍ 338 പ്രകാരമാണ് വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരോപണം അന്വേഷിച്ചുവരികയാണെന്നും പ്രഥമദൃഷ്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെബ്രുവരി 2 നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് മഞ്ജുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.’ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടിലെത്തിയ ശേഷമാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതായി അറിയുന്നത്.
