ഒരു മനുഷ്യന് ഇക്കാലത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? പല ഉത്തരവും പറയാന്‍ ഉണ്ടാകും, എന്നാല്‍ അതില്‍ വൈ-ഫൈ എന്ന ഉത്തരവും കൂടി ചേര്‍ക്കാനുള്ള സമയമായിരിക്കുന്നു. അടുത്തിടെ നടത്തിയ പഠനത്തിലാണ് ഒരു ദിവസം അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് പത്തില്‍ നാലുപേരും വൈ-ഫൈ എന്ന ഉത്തരത്തിന് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. സെക്‌സ്, ചോക്ലേറ്റ്, മദ്യം എന്നിവയേക്കാള്‍ മുകളിലാണ് പ്രതിദിനം ഒരാള്‍ക്കുവേണ്ട കാര്യങ്ങളില്‍ വൈ-ഫൈയുടെ സ്ഥാനം. യൂറോപ്പിലെ പ്രമുഖ വൈ-ഫൈ സേവനദാതാക്കളായ ഐപാസ് ആണ് പഠനം നടത്തിയത്. അമേരിക്കയിലും യൂറോപ്പിലുമായാണ് പഠനം നടത്തിയത്. 1700 ഓളം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. സാധാരണഗതിയില്‍ മനുഷ്യന്‍ ആഗ്രഹിക്കുന്ന ആഡംബര വസ്‌തുക്കളെയും, ജീവിച്ചുപോകാന്‍ വേണ്ട അത്യാവശ്യ കാര്യങ്ങളെയും മറികടന്നാണ് വൈ-ഫൈ മുന്നിലെത്തിയത്. 40.2 ശതമാനം പേരാണ് വൈ-ഫൈ ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാനാകില്ല എന്നു അഭിപ്രായപ്പെട്ടത്. 36.6 ശതമനം പേര്‍ക്ക് സെക്‌സ് പ്രധാനപ്പെട്ട കാര്യമാണ്. 14.3 ശതമാനം പേര്‍ ചോക്ലേറ്റും 8 ശതമാനം പേര്‍ മദ്യവും ഇല്ലാതെ ഒരു ദിവസം തള്ളിനീക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. എവിടെയെങ്കിലും താമസിക്കാനായി, ഹോട്ടല്‍ മുറി ബുക്ക് ചെയ്യുമ്പോള്‍, ഏറ്റവും ആദ്യം അന്വേഷിക്കുന്നത് വൈ-ഫൈ ആണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.